പറങ്കിക്കപ്പല്‍ മുങ്ങിത്താണു ; സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി മൊറോക്കോ
സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തിലിറങ്ങിയിട്ടും രക്ഷയില്ല. ഫിഫ ലോകകപ്പിൽ പറങ്കിപ്പടയെ തകർത്ത് മൊറോക്കോ സെമിയില്‍. ആദ്യപകുതിയില്‍ 42-ാം മിനുറ്റില്‍ നെസീരിയിലൂടെ നേടിയ ഏക ഗോളിലാണ്(1-0) മൊറോക്കോയുടെ വിജയം. 51-ാം മിനിറ്റിൽ ബഞ്ചിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഇറക്കിയിട്ടും മൊറോക്കോയ്‌ക്കെതിരെ ഗോള്‍ നേടാന്‍ പോര്‍ച്ചുഗലിനായില്ല.
26-ാം മിനുറ്റില്‍ സിയെച്ചിന്‍റെ ഹെഡര്‍ തലനാരിഴയ്ക്കാണ് ഗോളാകാതെ പോയത്. 30-ാം മിനുറ്റില്‍ ഫെലിക്‌സിന്‍റെ ഉഗ്രന്‍ ഷോട്ട് ഡിഫ്ലക്ഷനായി പുറത്തേക്ക് തെറിച്ചു. ഇതിന് ശേഷം 42-ാം മിനുറ്റിലായിരുന്നു യഹിയയുടെ ക്രോസില്‍ ഉയര്‍ന്നുചാടി തലവെച്ച് നെസീരിയുടെ ഗോള്‍. പോര്‍ച്ചുഗീസ് ഗോളി ഡിയാഗോ കോസ്റ്റയുടെ അബദ്ധത്തില്‍ നിന്ന് കൂടിയായിരുന്നു ഈ ഗോള്‍. ഇതിന് പിന്നാലെ ബ്രൂണോയുടെ ഷോട്ട് ബാറില്‍ തട്ടി തെറിച്ചതോടെ മൊറോക്കോയ്ക്ക് 1-0 ലീഡോടെ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു.
64-ാം മിനുറ്റില്‍ ബ്രൂണോ സമനിലക്കായുള്ള സുവര്‍ണാവസരം തുലച്ചു. 82-ാം മിനുറ്റില്‍ റോണോയുടെ പാസില്‍ ഫെലിക്‌സിന്‍റെ മഴവില്‍ ഷോട്ട് ബോനോ നിഷ്‌പ്രഭമാക്കി. എട്ട് മിനുറ്റ് ഇഞ്ചുറിടൈമിന്‍റെ തുടക്കത്തില്‍ റൊണാള്‍ഡോയുടെ ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് ബോനോ തടഞ്ഞത് പോര്‍ച്ചുഗീസ് പ്രതീക്ഷകള്‍ തകര്‍ത്തു.