പാര്‍ട്ടിയുടെ 75ാം വാര്‍ഷികാഘോഷം; ദേശീയ തലത്തില്‍ പുതിയ പ്രവര്‍ത്തന പദ്ധതിയുമായി ലീഗ്

ദേശീയ തലത്തില്‍ പുതിയ പ്രവര്‍ത്തന പദ്ധതിയുമായി മുസ്ലിം ലീഗ്. പാര്‍ട്ടിയുടെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനം സജീവമാക്കുകയാണ് ലക്ഷ്യം. രാജ്യവ്യാപകമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും.

 

ജനുവരി 9 ,10 തീയതികളില്‍ ചെന്നൈയില്‍ ചേരുന്ന ലീഗ് ദേശീയ കമ്മിറ്റി യോഗത്തില്‍ പുതിയ പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കാനാണ് മുസ്ലിം ലീഗ് തീരുമാനം. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ കൂടെ സ്വാധീന ശക്തിയാകാന്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍. പാര്‍ട്ടിയുടെ 75ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

 

മുസ്ലിം-ദളിത് വിഷയങ്ങളില്‍ സജീവ ഇടപെടല്‍ നടത്തിയാകും ദേശീയ തലത്തിലേക്ക് ലീഗ് പ്രവര്‍ത്തനം വ്യാപിപ്പിക്കുക. പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനം രാജ്യത്താകെ സജീവമാക്കാനും ലീഗ് ലക്ഷ്യമിടുന്നുണ്ട്. ദേശീയ തലത്തില്‍ വിശാല പ്രതിപക്ഷ ഐക്യം രൂപപ്പെടുത്താന്‍ സഹായിക്കുന്ന നിലപാടുകളും നടപടികളും സ്വീകരിക്കാനും ലീഗ് നേതൃത്വത്തില്‍ ആലോചനയുണ്ട്