തിരൂര്‍ മണ്ഡലത്തില്‍ 144 കോടി രൂപയുടെ വികസന പ്രവൃത്തികൾക്ക് കിഫ്ബിയുടെ പച്ചക്കൊടി
തിരൂര്‍ നിയോജകമണ്ഡലത്തിലെ കിഫ്ബി അംഗീകാരം നല്‍കിയ 144 കോടി രൂപയുടെ വിവിധ പദ്ധതികളുടെ പ്രവൃത്തികള്‍ അടുത്ത മാര്‍ച്ച് മാസത്തോടെ ആരംഭിക്കുമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അറിയിച്ചു. തിരുവനന്തപുരത്ത് കിഫ്ബി ആസ്ഥാനത്ത് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനമെടുത്തത്.
53.38 കോടിയുടെ തിരുന്നാവായ- തവനൂര്‍ പാലം പ്രവൃത്തി, 10.29 കോടിയുടെ തുഞ്ചന്‍ സ്മാരക ഗവ. കോളജ് കെട്ടിട നിര്‍മാണം, 57.76 കോടിയുടെ പടിഞ്ഞാറക്കര – ഉണ്ണിയാല്‍ തീരദേശ ഹൈവേ പ്രവൃത്തി പൂര്‍ത്തിയാക്കല്‍, മൂന്ന് കോടി രൂപ വീതം ചെലവഴിച്ച് നിര്‍മിക്കുന്ന എഴൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം, തിരൂര്‍ ജി.എ.യു.പി. സ്‌കൂള്‍ കെട്ടിടം, പറവണ്ണ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം, തിരൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഗേള്‍സ് സ്‌കൂള്‍ കെട്ടിടം, ആതവനാട് ഗവ. ഹൈസ്‌കൂള്‍ കെട്ടിടം, 3.12 കോടി ചെലവഴിച്ചുള്ള തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം, ഒരു കോടി ചെലവഴിക്കുന്ന ബി പി അങ്ങാടി ജി.എം.യു.പി സ്‌കൂള്‍ കെട്ടിടം നിര്‍മാണം എന്നീ പ്രവൃത്തികളാണ് സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത മാര്‍ച്ച് മാസത്തില്‍ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് തീരുമാനമെടുത്തത്. യോഗത്തില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. എബ്രഹാം, അഡീഷണല്‍ സി.ഇ.ഒ സത്യജിത് രാജന്‍, കിഫ്ബിജനറല്‍ മാനേജര്‍ പി.എ ഷൈല, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.