ശശി തരൂര്‍ നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനം; വിശ്വപൗരനെന്ന് സമസ്‌ത
ലോകത്തെ മനസിലാക്കിയ വിശ്വപൗരനാണ് ശശി തരൂരെന്ന് സമസ്‌ത. ശശി തരൂര്‍ നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനം. കോൺഗ്രസിനോട് സമസ്തയ്ക്ക് നല്ല സമീപനമാണെന്നും സമസ്‌ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ശശി തരൂരുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം.
എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളാവുന്ന നേതൃത്വം വരണം. തരൂരിന്‍റെ നേതൃത്വം ഗുണം ചെയ്യുമോയെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസില്‍ തരൂരിന് എതിരായ ഗ്രൂപ്പുണ്ടെന്ന് കരുതുന്നില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പറയുമെന്നും സമസ്ത പറഞ്ഞു.
ഇന്ന് കുറ്റിച്ചിറ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന ഇ വി ഉസമാൻകോയ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് ശശി തരൂർ കോഴിക്കോട് എത്തിയത്. സമസ്ത നേതാക്കളുമായുളള കൂടിക്കാഴ്ച്ചക്ക് പുറമെ കെഎൻഎം നേതാക്കളായ കെഎൻഎം നേതാക്കളായ ടി പി അബ്ദുളളക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ എന്നിവരുമായും തരൂർ കൂടിക്കാഴ്ച നടത്തി.
വൈകീട്ട് കുറ്റിച്ചിറയിൽ കോൺഗ്രസ് പരിപാടിയിലും തരൂർ പങ്കെടുക്കും. ഡി.സി.സി പ്രസിഡന്‍റ് കെ പ്രവീണ്‍കുമാർ സ്ഥലത്തില്ലാത്തതിനാൽ പങ്കെടുക്കാനാവില്ലെന്ന് സംഘാടകരെ അറിയിച്ചിട്ടുണ്ട്. നേരത്തെ കോഴിക്കോട്ടെ തരൂരിന്‍റെ പരിപാടിയിൽ നിന്നും ഡി.സി.സി നേതൃത്വം വിട്ടുനിന്നത് വിവാദമായിരുന്നു.