ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് കേരഗ്രാമം പദ്ധതി ഉദ്ഘാടനം ജനുവരി 26-ന്

തെങ്ങിൻ തോപ്പുകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയിൽ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തും ഉൾപ്പെട്ടു എന്നതിൽ ഗ്രാമവാസികൾ ആഹ്ലാദത്തിലാണ്. നാളികേരത്തിൻ്റെ ഉൽപാദനവും ഉൽപാദനക്ഷമതയും വർദ്ധിപ്പിച്ച് കേരകർഷകർക്ക് പ്രോൽസാഹനവും പിന്തുണയും നൽകുക എന്നതാണ് ഈ പദ്ധതി വഴി ലക്ഷ്യമാക്കുന്നത്. തെങ്ങ് കൃഷി ചെയ്യുന്നവർക്ക് നിരവധി ആനുകൂല്യങ്ങളും കേരഗ്രാമം പദ്ധതിയിലൂടെ നടപ്പിലാക്കുന്നുണ്ട്.

ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 26 ന് വ്യാഴാഴ്ച മൂന്ന് മണിക്ക് ഇരിങ്ങാവൂർ മീശപ്പടിയിലെ അമാനത്ത് ഓഡിറ്റോറിയത്തിൽ വെച്ച് സംസ്ഥാന കായിക -ഹജ്ജ് – വഖഫ് വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ നിർവ്വഹിക്കും. ഓരോ വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മാതൃകാ കർഷകരെ മന്ത്രി ഉപഹാരങ്ങൾ നൽകി ആദരിക്കും. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. ശംസിയ്യ സുബൈർ അദ്ധ്യക്ഷത വഹിക്കും. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സൽമത്ത്, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.കെ.എം.ഷാഫി, ശ്രീദേവി പ്രാക്കുന്ന് ഉൾപ്പെടെ മറ്റു ജനപ്രതിനിധികളും കാർഷിക വകുപ്പിലെ ഉദ്യോഗസ്ഥ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി.നാസർ സ്വാഗതവും മലപ്പുറം ഡപ്യൂട്ടി ഡയറക്ടർ എസ്. ബീന പദ്ധതി വിശദീകരണവും കൃഷി ഓഫീസർ ഷഹനില നന്ദിയും പറയും. ഉദ്ഘാടനത്തിൻ്റെ ഭാഗമായി രണ്ട് മണിക്ക് ഇരിങ്ങാവൂരിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും . ഘോഷയാത്രയിൽ കർഷകരുടെ വിവിധയിനം കലാ പ്രകടനങ്ങളും നിശ്ചല ദൃശ്യങ്ങളും ഉണ്ടാകും. കൂടാതെ പരിസ്ഥിതി സൗഹൃദ കാർഷിക എക്സിബിഷൻ , വിവിധയിനം കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും, പഴയ കാലത്തെ കാർഷിക ഉപകരണങ്ങളുടെ പ്രദർശനം, സൗജന്യ ഹൈബ്രിഡ് വിത്ത് വിതരണം, കാംകോയുടെ നേതൃത്വത്തിൽ സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് എന്നിവയും ഒരുക്കിയിട്ടുണ്ട്.

കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടത്തിന് വേണ്ടി ചെറിയമുണ്ടം കൃഷിഭവൻ്റെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമായി നടന്ന് വരുന്നു.

 

വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ:

സി. ശംസിയ്യ സുബൈർ ( പ്രസിഡണ്ട്, ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത്)

പി.ടി.നാസർ ( വൈസ് പ്രസിഡണ്ട്, ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത്)

ഷഹനില ( ചെറിയമുണ്ടം കൃഷി ഓഫീസർ)

സി.കെ ഹൈദർ ( പ്രസിഡണ്ട്, കേര സമിതി )

അഷ്റഫ് നെല്ലിയാളി ( സെക്രട്ടറി, കേര സമിതി)

എം.എ. റഫീഖ് ( ചെയർമാൻ, പബ്ലിസിറ്റി കമ്മിറ്റി )