നിളാ തീരത്ത് ഭദ്ര ദീപം തെളിഞ്ഞു; മാമാങ്ക മഹോത്സവത്തിന് പ്രൌഡമായ വിളംബരം

 

തിരുനാവായ : മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ മാമാങ്ക മഹോത്സവത്തിന് വിളമ്പരമായി മാഘ മാസത്തിലെ മകം നാളിൽ തിരുനാവായ നിളാ തീരത്ത് ഭദ്ര ദീപം തെളിഞ്ഞു.
ഏപ്രിൽ അവസാന വാരം നടക്കുന്ന അന്താരാഷ്ട്ര വ്യാപാര മേള, സംസ്ഥാന തല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ചരിത്ര സെമിനാർ, സാംസ്‌കാരിക സമ്മേളനം പൈതൃക സ്മാരക സംരക്ഷണം തുടങ്ങിയ വിവിധ പരിപാടികളോട് കൂടിയ വിപുലമായ മാമാങ്ക മഹോത്സവത്തിനാണ് ഇന്നലെ വിളംബരം കുറിച്ചത്. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ. റഫീഖയുടെ സാന്നിധ്യത്തിൽ തിരുനാവായ നവാമുകുന്ദാ ക്ഷേത്രം മാനേജർ പരമേശ്വരൻ, പ്രമുഖ ഗാന്ധിയൻ സി. ഹരിദാസ് എക്സ് എം. പി എന്നിവർ ചേർന്ന് ഭദ്ര ദീപം കൊളുത്തി. പൊന്നാനി നെയ്‌തെല്ലൂർ ബിസ്മില്ല കളരി സംഘത്തിലെ കളരിയാഭ്യാസികളുടെ അങ്ക ച്ചുവടുകൾക്കൊപ്പം ജനപ്രതിനിധികളും സാംസ്‌കാരിക പ്രവർത്തകരും പരിപാടിക്ക് സാക്ഷികളായി. തിരുനാവായ ഗ്രാമ പഞ്ചായത്തിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും സഹകരണത്തോടെയാണ് ജില്ലാ പഞ്ചായത്ത്‌ നേരിട്ട് ഈ വർഷത്തെ മാമാങ്ക മഹോത്സവം ഏറ്റെടുക്കുന്നത്.

മാമാങ്ക മഹോത്സവം ദേശീയ പൈതൃകോൽസവ കലണ്ടറിൽ ഉൾപ്പെടുത്തുന്നതിനും വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനും ഒപ്പം മാമാങ്ക സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനും ലക്ഷ്യമിടുന്നതാണ് മഹോത്സവം. ഇന്ത്യയുടെ പൗരാണിക ചരിത്രത്തിൽ ഏറെ ശ്രദ്ധേയമായ മാമാങ്കം മത സൗഹർദ്ധത്തിന് പേര് കേട്ട ഉത്സവം കൂടിയായിരുന്നു.
ദീപം തെളിച്ച ശേഷം മാമാങ്ക സ്മരണകൾ ഉറങ്ങുന്ന തിരുനാവായ കടവിലെ കൂരിയാൽ തറയോട് ചേർന്ന ദേവസ്വം ഗ്രൗണ്ടിൽ നടന്ന സാംസ്‌കാരിക സദസ്സിൽ മാമാങ്ക മഹോത്സവത്തിയുള്ള വിപുലമായ പ്രാദേശിക സ്വാഗത സംഘം രൂപീകരിച്ചു. യോഗം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊട്ടാരത്ത് സുഹറാബിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ. റഫീഖ ഉത്ഘാടനം ചെയ്തു. സി. ഹരിദാസ് എക്സ്. എം.പി. മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ ഫൈസൽ എടശ്ശേരി, ബഷീർ രണ്ടത്താണി, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കുന്നത്ത് മുസ്തഫ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ആയപ്പള്ളി നാസർ, സീനത്ത്‌ ജമാൽ, മാമ്പറ്റ ദേവയാനി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ആനി ഗോഡ്ലീഫ്, ടി. വി. റംഷീദ ടീച്ചർ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ഹാരിസ് പറമ്പിൽ, പള്ളത്ത് മുസ്തഫ, ഫഖ്‌റുദ്ധീൻ പല്ലാർ, വിവിധ സംഘടനാ പ്രതിനിധികളായ കോട്ടയിൽ അലവി, പിലാക്കൽ മുഹമ്മദ്‌, മുളക്കൽ മുഹമ്മദലി, ചിറക്കൽ ഉമ്മർ, കൊട്ടാരത്ത് നാസർ, പള്ളത്ത് ലത്തീഫ്,
കെ. പി. അലവി കമറുദ്ധീൻ പരപ്പിൽ, പി. അബ്ദുൽ നാസർ, കായക്കൽ അലി മാസ്റ്റർ, ടി. വേലായുധൻ, ടി. വി. ജലീൽ, എം. കെ. സതീഷ് ബാബു, ബിന്ദു ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

പരിപാടിക്ക് ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി. മുഖ്യ രക്ഷധികാരിയായും കുറുക്കോളി മൊയ്‌തീൻ എം. എൽ. എ, ജില്ലാ കളക്ടർ പ്രേം കുമാർ ഐ. എ. എസ് എന്നിവർ രക്ഷാധികാരികളായും വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ. റഫീഖ ചെയര്മാനും വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മൂത്തേടം, തിരൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ യു. സൈനുദ്ധീൻ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊട്ടാരത്ത് സുഹറാബി എന്നിവർ വൈസ് ചെയർമാൻമാരായും ഫൈസൽ എടശ്ശേരി കൺവീനറും ഡി. ടി. പി. സി. സെക്രട്ടറി വിപിൻ ജോയിന്റ് കൺവീനർ ആയും ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി നാലകത്ത് റഷീദ് ട്രെഷററുമായാണ് കമ്മിറ്റി.