രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നു; ജനുവരിയിൽ 6.52 ശതമാനം കൂടി, വില വർധിച്ചത് ഭക്ഷണസാധനങ്ങൾക്ക്

രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നുവെന്ന മുന്നറിയിപ്പുമായ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO). രാജ്യത്ത് ചില്ലറ വിലക്കയറ്റത്തിന്റെ നിരക്ക് മൂന്ന് മാസത്തെ ഉയർന്ന നിലയിൽ എത്തി. മുട്ട, മാംസം,മത്സ്യം, പാൽ തുടങ്ങിയവയ്ക്ക് അടക്കം വില കുതിച്ചുയരുന്നതായ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് വ്യക്താമാക്കി.

 

ഡിസംബറിൽ 5.72 ആയിരുന്ന ചില്ലറ വിലക്കയറ്റ നിരക്ക് 6.52 ശതമാനമായി ഫെബ്രുവരിയിൽ കുതിച്ചുയർന്നു. ഭക്ഷ്യ ഉത്പ്പന്ന വില ഡിസംബറിലെ 4.2 ൽ നിന്ന് ജനുവരിയിൽ 6 ആയി ഉയർന്നു. നഗരങ്ങളെക്കാൾ വിലക്കയറ്റം രൂക്ഷമാകുന്നത് ഗ്രാമങ്ങളിലാണ്. നഗരങ്ങളിലെ തോത് 6 ശതമാനം ആയപ്പോൾ ഗ്രാമങ്ങളിൽ അത് 6.9 ശതമാനമായി ഉയർന്നു.

 

റിസർവ് ബാങ്ക് പ്രതീക്ഷിച്ച ആറ് ശതമാനത്തിലും കൂടുതലാണ് വർധന. ധാന്യങ്ങൾക്ക് 16.12 ശതമാനവും മുട്ടയ്ക്ക് 8.78 ശതമാനവും പാലിന് 8.79 ശതമാനവും വില വർധിച്ചു. എന്നാൽ പച്ചക്കറിക്ക് 11.7 ശതമാനം ഇടിവുണ്ടായി. കഴ‍ിഞ്ഞയാഴ്ച റിസർവ് ബാങ്ക് റിപോ നിരക്ക് വർധിപ്പിച്ചിരുന്നു. ചില്ലറ വ്യാപാര മേഖലയിലെ വിലവർധന 4 ശതമാനത്തിൽ നിലനിർത്തണമെന്ന് റിസർവ് ബാങ്കിന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു.