ലൈംഗികാതിക്രമം: ഡാനി ആൽവസിന് ജാമ്യം നിഷേധിച്ചു
ലൈംഗികാതിക്രമ കേസിൽ ബ്രസീൽ ഫുട്ബോൾ താരം ഡാനി ആൽവസിന് ജാമ്യം നിഷേധിച്ച് ബാർസിലോണയിലെ സ്പാനിഷ് കോടതി. കഴിഞ്ഞ മാസമാണ് ലൈംഗികാതിക്രമ കേസിൽ താരത്തെ അറസ്റ്റ് ചെയ്തത്. ഡാനി ആൽവസ് രാജ്യം വിടുന്നതിനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ജാമ്യം നിഷേധിച്ചെന്നാണ് കോടതി അറിയിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വിചാരണ നടക്കുന്നതുവരെ ഡാനി ആൽവസ് ജയിലിൽ തുടരും. Dani Alves Denied Bail Appeal
കേസിന്റെ ഗൗരവവും എതിരെയുള്ള തെളിവുകളും സാമ്പത്തിക ശേഷിയും അദ്ദേഹത്തെ സ്പെയിൻ വിടാൻ പ്രേരിപ്പിക്കും എന്നാണ് കോടതി വ്യക്തമാക്കിയത്. ബാഴ്‌സലോണയിലെ ബ്രിയൻസ് ജയിലിലാണ് നിലവിൽ താരത്തെ പാർപ്പിച്ചിരിക്കുന്നത്. 2022 ഡിസംബർ 30ന് ബാഴ്‌സലോണയിലെ നിശാക്ലബ്ബിൽ വെച്ച് ആൽവസ് ഒരു സ്ത്രീയെ ആക്രമിച്ചു എന്നാണ് കേസ്. 39 കാരനായ ആൽവ്സ് നൈറ്റ് ക്ലബിൽ ഉണ്ടായിരുന്നുവെന്ന് സമ്മതിച്ചെങ്കിലും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്.
മെക്സിക്കൻ ടീമായ പ്യുമാസ് താരവുമായുള്ള കരാർ റദാക്കിയിരുന്നു. പുരുഷ ലോകകപ്പിൽ ബ്രസീലിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായിരുന്നു അദ്ദേഹം.