വിവാദങ്ങൾക്കിടെ നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും
വിവാദങ്ങൾക്കിടെ നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സിഎംഡിആർഎഫ് തട്ടിപ്പ്,ലൈഫ് മിഷൻ കോഴ അടക്കമുള്ള വിഷയങ്ങൾ ഇനി സഭയിൽ സജീവ ചർച്ചയാകും. ഇന്ധന സെസിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഈ മാസം ഒന്പതിനാണ് സഭ താത്കാലികമായി പിരിഞ്ഞത്.
ലൈഫ് കോഴ വിവാദത്തിൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നതും സർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കും. സഭയ്ക്ക് പുറത്തും ഇതേ വിഷയങ്ങൾ ഉയർത്തി പ്രതിഷേധം ശക്തമാക്കാൻ ആണ് യു.ഡി.എഫ് തീരുമാനം. ധന വിനിയോഗ ബില്ല് ഇന്ന് സഭയിൽ ചർച്ചയ്ക്ക് വരും.
സമരങ്ങളെ സർക്കാർ അടിച്ചമർത്തുന്നു എന്നും മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ ജനങ്ങളെ ബന്ദിയാക്കുന്നുവെന്നും ആരോപിച്ച് അടിയന്തര പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷ നീക്കം. ഗവർണർ അനുമതി നൽകാത്തതിനാൽ ഇന്നു ലിസ്റ്റ് ചെയ്തിരുന്ന കാലിക്കറ്റ് സർവ്വകലശാല സിൻഡിക്കേറ്റ് രൂപീകരണ ബിൽ സർക്കാർ മാറ്റി വെച്ചു.