മലയാള സർവകലാശാലയിൽ പാർട്ടിയുടെ മറപിടിച്ച് അഴിമതിയും സ്വജനപക്ഷപാതവും; അഴിമതി പൂഴ്ത്താൻ മുൻ വിസിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വീണ്ടും നിയമിക്കാൻ തിരക്കിട്ട നീക്കം

 

തുഞ്ചത്തെഴുത്തഛൻ മലയാള സർവകലാശാലയിൽ വൻ അഴിമതിയും സ്വജനപക്ഷപാതവും. സംസ്ഥാനത്ത് വിസി നിയമന വിവാദം നിലനിൽക്കെയാണ് ഞെട്ടിക്കുന്ന അഴിമതിക്കഥകൾ മലയാള ഭാഷാ സർവകാലാശാലയിൽ നിന്നും പുറത്ത് വരുന്നത്. കഴിഞ്ഞ മാസം വിരമിച്ച മുൻ വി സി അനിൽ വള്ളത്തോളിൻ്റെ കാലയളവിലാണ് അഴിമതിയുടെ പരമ്പര തന്നെ നടന്നിരിക്കുന്നത്. വി സി യുടെ പ്രൈവറ്റ് സെക്രട്ടറി സ്റ്റാലിൻ ആണ് അഴിമതിക്ക് ചുക്കാൻ പിടിച്ചിട്ടുള്ളതെന്നാണ് ആരോപണം. അനിൽ വള്ളത്തോൾ വി സിയായി ചുമതലയേറ്റതു മുതൽ കടിഞ്ഞാൺ മുഴുവൻ സ്റ്റാലിനായിരുന്നു.എന്നാൽ കാലാവധി പൂർത്തിയാക്കിയ ഇതേ സ്റ്റാലിനെ വീണ്ടും പാർട്ടിയുടെ മറപിടിച്ച്
നിയമിക്കാൻ തിരക്കിട്ട നീക്കം നടക്കുകയാണ്. പാർട്ടിക്കകത്ത് ശക്തമായ എതിർപ്പ് സ്റ്റാലിനെതിരെ ഉണ്ടായിരിക്കെ എ വിജയരാഘവനെ കൂട്ടു പിടിച്ചാണ് വീണ്ടും പി.എസ് പദവിയിൽ കയറാൻ ഒരുങ്ങുന്നത്.

 

ഡിജിറ്റൈസേഷൻ
ആരംഭിച്ചിട്ട് പോലുമില്ലാത്ത സർവകലാശാലയിൽ വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കി 74 ലക്ഷം രൂപയുടെ വെട്ടിപ്പ് ആണ് നടന്നത്. സ്വീപ്പർ ജോലിയിലുണ്ടായിരുന്ന ആളെ അറ്റൻഡറാക്കി ഉത്തരവ്. സ്വന്തക്കാർക്കും പാർട്ടിക്കാർക്കും മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഉടനടി ശമ്പള വർദ്ധനവും നടപ്പാക്കി. കാമ്പസിലെ 25 ലക്ഷത്തോളം രൂപയുടെ മരങ്ങൾ മുറിച്ച് തുഛമായ തുകയ്ക്ക് ലേലത്തിലെടുത്ത് വിറ്റ് ലക്ഷങ്ങളുടെ അഴിമതി വേറെയും. അഴിമതിക്കും സ്വജനപക്ഷപാതത്തിനും പുറമെ യൂണിവേഴ്സിറ്റി പരിപാടികളും തീരുമാനങ്ങളും നടപ്പിലാക്കുന്നത് ഒരു വിഭാഗത്തിൻ്റെ പാർട്ടി ഇച്ഛയ്ക്ക് വിധേയമായി മാത്രം. യൂണിവേഴ്സിറ്റി പരിപാടികൾ സി പി എം സമ്മേളനമാണെന്ന് തോന്നിപ്പോകും. കഴിഞ്ഞ 27 ന് നടന്ന വിസിയുടെ യാത്രയയപ്പ് സമ്മേളന സെമിനാർ ഉദ്ഘാടനം ചെയ്യാൻ സി പി എം പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയിൽ എത്തിയത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഭർത്താവ് എ.വിജയരാഘവൻ.

ചട്ട വിരുദ്ധമായും ക്രമവിരുദ്ധമായും നിയമനങ്ങളുൾപ്പടെ നടത്തി സർവകലാശാല അഴിമതിക്കളമാക്കിയ മുൻ വി സി യുടെ പി.എസ് സ്റ്റാലിനെ വീണ്ടും നിയമിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് ഒരുവിഭാഗം പാർട്ടി പ്രവർത്തകർ ‘സിറ്റി സ്കാൻ ‘ ന്യൂസിനോടു പറഞ്ഞു. ബ്രാഞ്ച് മുതൽ ഏരിയവരെയുടെ പ്രാദേശിക ഘടകങ്ങൾക്കും സ്റ്റാലിനെതിരെ ശക്തമായ എതിർപ്പുണ്ട്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി യിൽ നിന്ന്
റിട്ടേഡ് ചെയ്ത ശേഷം
മലയാളസർവകലാശാലയിൽ താൽക്കാലികമായി ജോലി ചെയ്യുന്ന
‘റിട്ടേർഡ് ഫാൻസ്’ ചേർന്ന് ജീവനക്കാരുടെസംഘടന മലയാള സർവകലാശാലയിൽ ഉണ്ടാക്കിയിട്ടുണ്ട്. രഹസ്യമായിട്ടാണ് ഇത് രൂപീകരിച്ചിട്ടുള്ളത്. അതിൻ്റെ നേതാവ് മുൻ എംപ്ലോയിസ് യൂണിയൻ നേതാവായിരുന്ന സ്റ്റാലിനാണ്.
ഈ യൂണിയൻറെ ഉദ്ദേശം
ഈ റിട്ടേർഡ് ഫാൻസിനെ പുതിയ വി സി വരുമ്പോഴും
പാർട്ടി വഴി വിലപേശി ഇവിടെത്തന്നെ സ്റ്റാലിൻ്റെ സ്ഥാനം ഉറപ്പിക്കുന്നതിനാണ്. ഇത് സർവകലാശാലയിൽ ഒരു പാർട്ടി സെൽ രൂപീകരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്ന് സി പി എം അനുകൂലികൾ തന്നെ പറയുന്നു.
ഇത് യഥാർത്ഥത്തിൽ പാർട്ടി അറിഞ്ഞിട്ടല്ലെന്നും സ്വന്തം അഴിമതി മൂടിവയ്ക്കാനാണെന്നും ഇവർ ആരോപിക്കുന്നു. എന്ത് പറയുമ്പോഴും അതെല്ലാം വിജയരാഘവൻ പറഞ്ഞിട്ടാണ് ചെയ്യുന്നത് എന്ന ഒരു പല്ലവിയാണത്രെ മലയാള സർവകലാശാലയിൽ.

വ്യാജസർട്ടിഫിക്കറ്റ് അഴിമതി

സർവകലാശാലയിൽ ഡിജിറ്റൈസേഷൻ
ആരംഭിച്ചിട്ട് പോലുമില്ല. എന്നാൽ
ഡിജിറ്റൈസേഷൻ പൂർത്തീകരിച്ചു എന്ന വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കി ഫിനാൻസ് ഓഫീസറെ ഭീഷണിപ്പെടുത്തി
സർവകലാശാലയിൽനിന്ന്
എഴുപത്തി നാലു ലക്ഷത്തി അറുപത്തി ഒന്നായിരത്തി ഒരുനൂറ്റി എഴുപത്തി ഒൻപതു രൂപ, എഴുപത്തി ഒൻപത് പൈസ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്
നൽകിയിരിക്കുന്നു.

 

സ്വീപ്പർജോലിയിൽ നിന്നും അറ്റൻഡറാവാൻ യോഗ്യത ബ്രാഞ്ച് അംഗം

 

സർവകലാശാലയിൽ സ്വീപ്പർജോലി ചെയ്തിരുന്ന വിനോദ് എന്നയാളെ
യാതൊരു മാനദണ്ഡവും പാലിക്കാതെ, നിർവാഹക സമിതിയുൾപ്പെടെയുള്ള സർവകലാശാലയുടെ ഭരണ സമിതികളിലൊന്നും അറിയിക്കാതെ,
ഇൻറർവ്യൂ നടത്താതെ  അറ്റൻഡർ തസ്തികയിലേക്ക് മാറ്റിയിരിക്കുന്നു. (പാർട്ടിയുടെ ബ്രാഞ്ച് അംഗം എന്നതാണ് യോഗ്യത)

അതുപോലെ
പബ്ലിക്കേഷൻ ഓഫീസറായി താൽക്കാലിക തസ്തികയിൽ ജോലി ചെയ്യുന്ന ശ്രീകുമാർ എന്നയാൾക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ,നിർവാഹക സമിതിയുൾപ്പെടെയുള്ള സമിതികളിലൊന്നിലും  അറിയിക്കാതെ
ഒറ്റയടിക്ക് പതിനായിരം രൂപയോളം ശമ്പളം വർധിപ്പിച്ചു നൽകിയിരിക്കുന്നു.

ഇവർ രണ്ടുപേരും സിപിഎം അംഗങ്ങളാണ് എന്നതാണ് ന്യായം. പാർട്ടി അംഗങ്ങൾക്ക് സർവകലാശാലയിൽ യാതൊരു നിയമങ്ങളും പാലിക്കാതെ തന്നെ ശമ്പള വർദ്ധനയും ഉദ്യോഗക്കയറ്റം നടത്തുന്ന രീതി സർക്കാർ ഖജനാവ് മുടിക്കുന്ന പകൽകൊള്ളയല്ലാതെ മറ്റെന്താണ്?

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ

വിസിയുടെ ഗൈഡിനും താൻ ഗൈഡ് ചെയ്ത വിദ്യാർഥിനിക്കും സർവകലാശാലാ പദവികളും ജോലികളും വാരിക്കോരി നൽകിയാണ് കാലാവധി പൂർത്തിയാക്കിയ വി സി അനിൽ വള്ളത്തോളിൻ്റെ ഭരണ നേട്ടം.

തൻ്റെ കിങ്കരന്മാരായി നിന്ന, കാലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ടേഡ് ജീവനക്കാർക്ക് താൻ പോകുന്ന സമയത്ത്, ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന നിലയിൽ ശമ്പളം കൂട്ടിക്കൊടുക്കാൻ അവസാനത്തെ സിൻ്റക്കേറ്റിൽ അടിയന്തര അജണ്ട അവതരിപ്പിച്ചതും മലയാള സർവകലാശാലയിലെ ലീലാവിലാസങ്ങളിൽ ഒടുവിലത്തേതത്രേ.