കൗതുകമായി ‘വൺ റുപ്പീ’ സൈക്കിൾ കാരവൻ: നിജിനും റിനീഷും ചവിട്ടിക്കയറുന്നത് 5 കുടുംബങ്ങൾക്കുള്ള വീടെന്ന സ്വപ്നത്തിലേക്ക്

   നിർധനരായ അഞ്ചു കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ വൺ റുപ്പീ ബ്രദേഴ്സിൻ്റെ ഭാരതപര്യടനം.
അധ്യാപകൻ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി  കെ ജി നിജിനും മൊബൈല്‍ ടെക്നീഷ്യൻ വയനാട് അമ്പലവയല്‍ സ്വദേശി  ടി ആര്‍ റിനീഷുമാണ് കയറിക്കിടക്കാനിടമില്ലാത്ത അഞ്ചുകുടുംബങ്ങൾക്ക് തണലൊരുക്കാൻ സൈക്കിൾ കാരവനിൽ യാത്ര പുറപ്പെട്ടിരിക്കുന്നത്.

നാല്‌ ജില്ലകളിലെ ഗ്രാമവഴികളിലൂടെ സൈക്കിൾ ചവിട്ടി സംഭാവന സ്വീകരിച്ച്‌ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് അവർ.
യാത്ര ഒരു വർഷം പിന്നിട്ടപ്പോൾ വയനാട്‌ അമ്പലവയലിൽ  22 സെന്റ് ഭൂമി വാങ്ങി.  ഇനി അവിടെ വീടുപണിയണം. തുടരുകയാണ്‌  ഇരുചക്രയാത്ര. യാത്ര തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും ഭവന നിർമ്മാണം തുടങ്ങും.

സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന ഭിന്നശേഷിക്കാർക്ക്‌ വീടും തൊഴിലും നൽകുക എന്ന ലക്ഷ്യത്തിൽ 2021 ഡിസംബർ 10ന്‌  മാനന്തവാടിയില്‍നിന്നാണ്‌ യാത്ര തുടങ്ങിയത്‌. കേരളത്തിലെ മുഴുവൻ ഗ്രാമങ്ങളിലും  ഇതര സംസ്ഥാനങ്ങളിലും യാത്രചെയ്‌ത്‌ പണം സമാഹരിക്കുകയാണ്‌ ലക്ഷ്യം. കാശ്മീർ വരെ കാരവൻ യാത്ര തുടരുമെന്ന് മലപ്പുറം തിരൂരിലെത്തിയ നിജിനും റിനീഷും സിറ്റി സ്കാൻ ന്യൂസിനോടു പറഞ്ഞു. ആരിലും കൗതുകം ജനിപ്പിക്കുന്ന സൈക്കിൾ കാരവൻ കാണാൻ നഗര ഗ്രാമങ്ങളിൽ നിരവധി പേരാണ് തടിച്ചുകൂടുന്നത്.

മിഷന്‍ വണ്‍ റുപ്പി എന്ന പേരിൽ ഒരു രൂപയാണ്‌ സംഭാവന സ്വീകരിക്കുന്നത്‌. വയനാട്, കണ്ണൂർ, കാസര്‍കോട്, കോഴിക്കോട് ജില്ലകള്‍ താണ്ടിയാണ് യാത്ര മലപ്പുറം ജില്ലയിൽ  പ്രവേശിച്ചത്.   ആദ്യഘട്ടം അമ്പലവയലിലെ സുഹൃത്ത് സംഭാവന നല്‍കിയ രണ്ട് സൈക്കിളുകളിലായിരുന്നു യാത്ര. പിന്നീട്‌ രണ്ട് സൈക്കിളുകൾ  ബന്ധിപ്പിച്ച് ബോഡികെട്ടി സൈക്കിള്‍ കാരവന്‍ ഉണ്ടാക്കി. എത്തിപ്പെടുന്ന സ്ഥലത്ത് കിടന്നുറങ്ങാനും ഭക്ഷണം പാകംചെയ്യാനുമാണ്‌  സൈക്കിള്‍ കാരവന്‍ തയ്യാറാക്കിയത്. ആവശ്യമെങ്കില്‍ ചലിപ്പിക്കാന്‍ മോട്ടോറും കാരവനിൽ ഘടിപ്പിച്ചിട്ടുണ്ട്. മൊബൈല്‍ ചാര്‍ജിങ്, വെളിച്ചം എന്നിവക്ക്  ചെറിയ സോളാറും സ്ഥാപിച്ചിട്ടുണ്ട്.   ദിവസം 20 കിലോമീറ്റര്‍ ദൂരമാണ് യാത്ര.  യാത്ര എത്തുമ്പോള്‍ അതാതിടങ്ങളിലെ സന്നദ്ധ സംഘടനകള്‍ സഹായിക്കാറുണ്ട്‌. ഒരു രൂപയാണ് ആവശ്യപ്പെടുന്നതെങ്കിലും ദൗത്യം അറിഞ്ഞ് പലരും അകമഴിഞ്ഞ്‌ സഹായിക്കുന്നുണ്ട്. യാത്രക്ക്‌ ആവശ്യമായ പല ഉപകരണങ്ങളും  സഹായങ്ങളും സന്മനസ്സുള്ളവര്‍ സംഭാവനയായി നല്‍കുന്നുണ്ട്. ജോലിയിൽനിന്ന്‌ അവധിയെടുത്താണ്‌ 33 വയസുകാരായ ഇവരുടെ യാത്ര.

രണ്ടുജോടി വസ്ത്രങ്ങൾ, മൊബൈൽ ഫോൺ, പാചകംചെയ്യാനുള്ള അത്യാവശ്യം സാധനങ്ങൾ ഇത്രയുമായിരുന്നു സൈക്കിളിൽ ഭാരതപര്യടനത്തിനിറങ്ങുമ്പോൾ റെനീഷിന്റെയും നിജിന്റെയും പക്കലുണ്ടായിരുന്നത്. സാധാണക്കാരായ രണ്ടു ചെറുപ്പക്കാർ അസാധാരണമായൊരു യാത്രയ്ക്കിറങ്ങുമ്പോൾ പലരും അതിശയിച്ചു. പക്ഷേ, അവർ നാണയത്തുട്ടുകൾ സമാഹരിച്ച് ലക്ഷ്യത്തിലേക്കടുക്കുകയാണ്.

മഴനനഞ്ഞ് ദിവസങ്ങളോളം സൈക്കിൾ ചവിട്ടുകയെന്നത് ശ്രമകരമായപ്പോഴാണ് പുതിയ ആശയംവന്നത്. യാത്ര തത്കാലത്തേക്ക് നിർത്തിവെച്ച് കാരവന്റെ പണിതുടങ്ങി. 80,000 രൂപയാണ് സൈക്കിൾ കാരവൻ്റെ നിർമ്മാണച്ചെലവ്. കാരവൻ നിർമിക്കാൻ 80,000 രൂപ റെയ്മി പുട്ടുപൊടി എന്ന സ്ഥാപനമാണ് നൽകിയത്.

ഉറവവറ്റാത്ത നന്മയുടെ കഥ പറയുകയാണ്‌ സുഹൃത്തുക്കളായ നിജിൻ്റെയും റിനീഷിൻ്റെയും ഭാരതപര്യടനം.
മിഷൻ വൺ റുപ്പീ എന്ന യുട്യൂബ് ചാനലിലൂടെ യാത്രാവിവരങ്ങൾ പോസ്റ്റുചെയ്യുന്നുണ്ട്. പിന്നിട്ട വഴികളിലെല്ലാമുള്ള സുമനസ്സുകളുടെയും നാട്ടുകാരുടെയും പിന്തുണയോടെയാണ് ശുഭയാത്ര.