കോണ്‍ഗ്രസിന്റെ സത്യാഗ്രഹം തുടങ്ങി ; ദേശീയ തലത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്കും തുടക്കമാകും
രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്നും അയോഗ്യനാക്കിയതിനെതിരെ ഗാന്ധിസമാധിയായ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് നേതാക്കളുടെ സത്യാഗ്രഹം ആരംഭിച്ചു. ഇന്ന് രാവിലെ 10 മണി മുതലാണ് സത്യാഗ്രഹം തുടങ്ങിയത്.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രിയങ്കാഗാന്ധി എന്നിവര്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കും. ഇതിനോടുനുബന്ധിച്ച് ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യും.ദേശീയതലത്തില്‍ കോണ്‍ഗ്രസ് ആവിഷ്‌കരിക്കുന്ന പ്രതിഷേധപരിപാടികളുടെ തുടക്കമായിരിക്കും രാജ്ഘട്ടിലെ സത്യാഗ്രഹം.
രാഷ്ട്രപതിയെ കാണാന്‍ കോണ്‍ഗ്രസ് നേതൃത്വം അനുവാദം ചോദിച്ചെങ്കിലും ഇതുവരെ സമയം അനുവദിച്ചിട്ടില്ല. സൂറത്ത് കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് എടുക്കുന്ന നിയമനടപടികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ സാധ്യമല്ലന്നും എഐ സിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.