ചരിത്രമെഴുതി നിഖത് സരീൻ; വനിതാ ബോക്‌സിംഗിൽ വീണ്ടും ലോക ചാമ്പ്യൻ

ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ വീണ്ടും ചാമ്പ്യനായി ഇന്ത്യയുടെ നിഖത് സരീൻ. ഡൽഹിയിലെ കെഡി ജാദവ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 50 കിലോഗ്രാം ഫൈനലിൽ, വിയറ്റ്‌നാമിന്റെ തി താം ഗുയെനെ പരാജയപ്പെടുത്തി (5-0) ആണ് കിരീടം നിലനിർത്തിയത്. കഴിഞ്ഞ വർഷം മേയിൽ നടന്ന ഈ ടൂർണമെന്റിലും നിഖത് സ്വർണം നേടിയിരുന്നു.

ഫൈനലിൽ തുടക്കം മുതൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച നിഖാത്ത് ആദ്യ റൗണ്ടിൽ തന്നെ ലീഡ് നേടിയിരുന്നു. ശേഷം രണ്ടാം റൗണ്ടിലും ലീഡ് തുടരുകയും മൂന്നാം റൗണ്ടിൽ വിയറ്റ്നാമീസ് ബോക്സറെ ഉജ്ജ്വല പഞ്ചിലൂടെ വീഴ്ത്തുകയും ചെയ്തു. പിന്നാലെ വിയറ്റ്നാമീസ് ബോക്‌സറുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് റഫറി മത്സരം നിർത്തിവച്ചു. ഒടുവിൽ മത്സരം 5-0ന് നിഖത് സ്വന്തമാക്കി.

 

2022 ലെ കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യക്കായി സ്വർണ്ണം നേടിയിട്ടുള്ള താരമാണ് നിഖത് സറീന്. 2019 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡലും അവളുടെ മറ്റ് നേട്ടങ്ങളിൽ ഉൾപ്പെടുന്നു. 2011-ലെ ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണ്ണ മെഡലും നിഖത് നേടിയിട്ടുണ്ട്. അതേസമയം ഈ വിജയത്തോടെ ലോക ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണം ഇന്ത്യ നേടി. ഇന്നലെ നിതുവും സവീതിയും സ്വർണം നേടിയിരുന്നു.