വിമര്‍ശനത്തിന് പിന്നാലെ പ്രതിരോധമന്ത്രിയെ പുറത്താക്കി; നെതന്യാഹുവിനെതിരെ ഇസ്രായേലില്‍ പ്രതിഷേധം കടുക്കുന്നു

പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കിയ നടപടിക്ക് പിന്നാലെ ഇസ്രായേലില്‍ പതിനായിരങ്ങള്‍ തെരുവിലേക്കിറങ്ങി. ജഡ്ജിമാരുടെ നിയമന രീതിയുമായി ബന്ധപ്പെട്ട് നെതന്യാഹുവിന്റെ നീക്കത്തോട് പരസ്യ പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് ഗാലന്റിനെതിരായ നടപടിയും തുടര്‍ പ്രതിഷേധങ്ങളും. ജറുസലേമില്‍ നെതന്യാഹുവിന്റെ വസതിക്ക് സമീപം പ്രതിഷേധക്കാര്‍ സംഘടിച്ചെത്തിയതോടെ പൊലീസും സൈനികരും കൂട്ടമായി ഇറങ്ങി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

 

ജഡ്ജിമാരുടെ നിയമനത്തില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ പിന്‍വലിക്കാന്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളെല്ലാം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാരിനെ. ഇസ്രായേല്‍ ജനതയുടെ ഐക്യത്തിന് വേണ്ടി സര്‍ക്കാര്‍ ഉത്തരവാദിത്തം നിറവേറ്റണമെന്ന് ഐസക് ഹെര്‍സോഗ് ആവശ്യപ്പെട്ടു. രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ഹെര്‍സോഗ്, സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യണമെന്നും നിലപാട് സ്വീകരിച്ചു.

 

രാജ്യത്ത് ജഡ്ജിമാരെ നിയമിക്കുന്ന സമിതിയുടെ മേല്‍ സര്‍ക്കാരിന് നിര്‍ണായക അധികാരം നല്‍കുന്ന പദ്ധതികളാണ് പരിഷ്‌കാരങ്ങളില്‍ ഉള്‍പ്പെടുന്നത്.

അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ താത്പര്യങ്ങള്‍ക്കായാണ് ഈ നീക്കമെന്നാണ് എതിര്‍കക്ഷികളുടെ ആരോപണം. അധികാരത്തിന് യോഗ്യനല്ലെന്ന് കരുതുന്ന നേതാവിനെ നീക്കം ചെയ്യുന്ന കോടതി വിധികളില്‍ പോലും രാഷ്ട്രീയം കലരുമെന്നാണ് ഇക്കൂട്ടരുടെ വാദം.

എന്നാല്‍ കോടതികള്‍ അവരുടെ അധികാരങ്ങള്‍ മറികടക്കുന്നത് തടയുന്നതിനാണ് പുതിയ പരിഷ്‌കാരങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് നെതന്യാഹുവിന്റെ നിലപാട്. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചവര്‍ നെതന്യാഹുവിന്റെ വസതിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചു. ഇസ്രായേലി പതാകകളുമായി വസതിയിലെത്തിയ പ്രതിഷേധക്കാര്‍ ചെടിച്ചട്ടികളടക്കം തല്ലിപ്പൊട്ടിച്ചു.

തലസ്ഥാനമായ ടെല്‍ അല്‍വീവില്‍ ഇസ്രായേല്‍ പതാകയേന്തിയ പ്രതിഷേധക്കാര്‍ രണ്ട് മണിക്കൂറുകളോളം പ്രധാന ഹൈവേയില്‍ ഗതാഗതം തടസ്സപ്പെടുത്തി. ജറുസലേമിലെ പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് മൂന്ന് പേരെ അറസ്റ്റുചെയ്തു. അതിനിടെ നെതന്യാഹു നിര്‍ബന്ധിത രാജി വയ്ക്കണമെന്ന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി.