ആഘോഷ ദിനത്തിൽ അപകടം ഒഴിവാക്കാൻ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ്

റമദാൻ, വിഷു, ഈസ്റ്റർ കാലത്തെ അപകടങ്ങൾ കുറയ്ക്കാൻ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ്. ജില്ലയിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും ഓട്ടോ സ്റ്റാൻഡുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ചുമാണ് തിരൂരങ്ങാടി ജോയിൻറ് ആർടിഒ ഓഫീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന ആഘോഷവേളകൾ അപകടകരഹിതമാക്കാനാണ് പരിശോധനയ്ക്ക് പുറമേ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണം സംഘടിപ്പിച്ചത്. ഇരുചക്ര വാഹന യാത്രക്കാർ ഹെൽമെറ്റ് ധരിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തി പ്രത്യേകം ലഘുലേഖയും പുറത്തിറക്കിയിട്ടുണ്ട്. തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ എം.പി അബ്ദുൽ സുബൈർ തയ്യാറാക്കിയ ലഘുലേഖ പാണക്കാട് മുനവ്വറലി തങ്ങൾ പ്രകാശനം ചെയ്തു. പരപ്പനങ്ങാടി, ചെമ്മാട്, വേങ്ങര, കോട്ടയ്ക്കൽ, വള്ളിക്കുന്ന്, കൊളപ്പുറം, പൂക്കിപ്പറമ്പ്, എടരിക്കോട്, ചങ്കുവെട്ടി തുടങ്ങി തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ഡ്രൈവർമാർക്ക് റോഡ് സുരക്ഷാ ബോധവത്കരണവും നൽകി.

ഇരുചക്ര വാഹന യാത്രക്കാർ ഹെൽമെറ്റ് ധരിക്കേണ്ട ആവശ്യകതയെ കുറിച്ച് തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ എം.പി അബ്ദുൽ സുബൈർ തയ്യാറാക്കിയ ലഘുലേഖ പാണക്കാട് മുനവ്വറലി തങ്ങൾ പ്രകാശനം ചെയ്യുന്നു