കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി.

കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി.

ഹരിയാന, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലാണ് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയത്.

കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ചേര്‍ന്ന് സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പൊതു-സ്വകാര്യ ആശുപത്രികളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വേണ്ടി രാജ്യവ്യാപകമായി മോക്ഡ്രില്‍ സംഘടിപ്പിക്കും. ഹരിയാനയിലെ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നതിന് പിന്നാലെയാണ് കേരളവും മാസ്‌ക് നിര്‍ബന്ധമാക്കിയത്.

ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും ജീവിതശൈലീ രോഗങ്ങളുള്ളവര്‍ക്കുമാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 60 വയസ്സിനു മുകളിലുള്ളവരിലും പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങളുള്ളവരിലുമാണ് കൊറോണ മരണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും വീണ ജോര്‍ജ്ജ് പറയുന്നു.

പുതുച്ചേരിയിലും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആശുപത്രികള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മദ്യശാലകള്‍, റിസോര്‍ട്ടുകള്‍ വിനോദ സഞ്ചാര മേഖലകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെല്ലാം നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്