എലത്തൂർ ട്രെയിൻ ആക്രമണം: കേസ് എൻഐഎക്ക്; കൊച്ചി യൂണിറ്റ് അന്വേഷിക്കും

എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസ് അന്വേഷണം എൻഐഎക്ക് വിട്ടു. എലത്തൂർ തീവയ്പ്പ് കേസ് തീവ്രവാദ സ്വഭാവമുള്ള ആക്രമണമാണ് എന്ന വിവരങ്ങൾ പുറത്തുവന്നതോടെയാണ് അന്വേഷണം എൻഐഎയ്ക്ക് വിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്.

നേരത്തെ, കേരള പോലീസ് ഈ വിഷയത്തിൽ പതിനഞ്ച് ദിവസത്തോളം അന്വേഷണം നടത്തിയിരുന്നു. തുടർന്ന്, ഇന്നലെ മാധ്യമങ്ങളെ കണ്ട എഡിജിപി എം ആർ അജിത് കുമാർ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചിരുന്നു. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ ഷാരുഖ് സെയ്ഫിക്കെതിരെ യുഎപിഎ 16-ാം വകുപ്പ് ചുമത്തിയെന്ന് അദ്ദേഹം അറിയിച്ചിരുന്നു. പ്രതി റാഡിക്കലൈസ്ഡ് ആണ്. സക്കീർ നായിക് അടക്കമുള്ളവരുടെ വീഡിയോകളടക്കം സ്ഥിരം കണ്ടിരുന്നു. കൃത്യമായ ആസൂത്രണം കേസിൽ നടന്നിട്ടുണ്ട് എന്നും ഇന്നലെ അദ്ദേഹം അറിയിച്ചു.

ഷാരുഖ് സെയ്ഫിക്ക് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്നും സഹായികൾ ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങൾ ഈ സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത് മൂലവും ഇദ്ദേഹത്തിന്റെ ഹാൻഡ്‌ലർ വിദേശത്താണെന്ന വാർത്തകൾ പരക്കുകയും ചെയ്യുന്നതിനാൽ കേരള പൊലീസിന് വിശദമായ അന്വേഷണം നടത്തുന്നതിൽ പ്രായോഗികമായ പരിമിതികൾ ഉണ്ട്. ആ പശ്ചാത്തലത്തിൽ കേസ് ഏറ്റെടുക്കാം എന്ന് ആവശ്യപ്പെട്ട് എൻഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു.

പ്രതിക്ക് എതിരെ തീവ്രവാദ ആക്രമണത്തിലൂടെ ജീവഹാനി വരുത്തുന്നതുമായി ബന്ധപ്പെട്ട യുഎപിഎ 16 ചുമത്തിയതിനെ തുടർന്ന് എൻഐഎക്ക് ഈ കേസിലേക്ക് കടന്നു വരുന്നതിനുള്ള വഴി തുറന്നു. തുടർന്ന്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസ് എൻഐഎക്ക് വിട്ടുള്ള ഉത്തരവിറക്കിയത്. കൊച്ചി എൻഐഎ യൂണിറ്റിനാണ് കേസിന്റെ അന്വേഷണ ചുമതല. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ മുന്നിലാണ് നിലവിൽ ഈ കേസ് ഉള്ളത്. അത് കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിലേക്ക് മാറ്റും.