മണിപ്പൂരിലുള്ള മലയാളി വിദ്യാര്‍ത്ഥികളെ തിരികെയെത്തിക്കും; ആദ്യ സംഘമെത്തുക തിങ്കളാഴ്ച
മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മലയാളി വിദ്യാര്‍ത്ഥികളെ തിരിതെ നാട്ടിലെത്തിക്കും. മണിപ്പൂര്‍ കേന്ദ്രസര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം മറ്റന്നാള്‍ ബംഗളൂരുവിലെത്തും. ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്കരാണ് തിരികെയെത്താന്‍ നോര്‍ക്ക വഴി വിമാന ടിക്കറ്റ് ലഭിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെ ഇംഫാലില്‍ നിന്ന് കൊല്‍ക്കത്ത വഴിയുള്ള വിമാനത്തിലാണ് മലയാളി വിദ്യാര്‍ത്ഥികള്‍ കേരളത്തിലെത്തുക. ഇംഫാലില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ മാത്രം മാറിയാണ് വിദ്യാര്‍ത്ഥികളുടെ താമസം. കലാപം തണുക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് ഇവരെ സുരക്ഷ മാനിച്ച് തിരികെയെത്തിക്കുന്നത്. നിലവില്‍ സര്‍വകലാശാലയും ഹോസ്റ്റലും അടച്ചിട്ടിരിക്കുകയാണ്. സര്‍വകലാശാലാ അധികൃതര്‍ ഏര്‍പ്പാടാക്കിയ ഗസ്റ്റ് ഹൗസിലാണ് വിദ്യാര്‍ത്ഥികളിപ്പോള്‍ കഴിയുന്നതെന്നാണ് വിവരം.
സംസ്ഥാനത്തെ സാഹചര്യങ്ങള്‍ വഷളായതോടെ പൊലീസ് മേധാവിയെ ചുമതലകളില്‍ നിന്ന് നീക്കിയിട്ടുണ്ട്. ഡിജിപി പി.ഡോംഗുളിനെയാണ് നീക്കിയത്. എഡിജിപി അശുതോഷ് സിന്‍ഹയ്ക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറായി മണിപ്പൂരില്‍ കലാപകലുഷിതമായ സാഹചര്യമാണ് നിലവിലുള്ളത്. ഇതിനോടകം പതിമൂവായിരത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
അതേസമയം മണിപ്പൂരിന് പിന്നാലെ മേഘാലയയിലും സംഘര്‍ഷ സാഹചര്യമാണ്. തലസ്ഥാനമായ ഷില്ലോംഗില്‍ കുക്കി, മെയ്‌തേയ് സമുദായങ്ങളിലെ അംഗങ്ങള്‍ ഏറ്റുമുട്ടി. ഇരു സമുദായത്തിലെയും 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു