ഡോ. വന്ദനയുടെ കൊലപാതകം, മന്ത്രി വീണ ജോർജിൻ്റെ പ്രസ്താവനയെ വ്യാഖ്യാനിക്കുന്നത് മനുഷ്യത്വമില്ലാതെ; എം.വി ഗോവിന്ദൻ

 

യുവ ഡോക്ടർ വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രി വീണ ജോർജിൻ്റെ പ്രസ്താവനയുടെ ഒരു ഭാഗം പിടിച്ച് സർക്കാരിനെതിരെ പ്രചാരണം അഴിച്ചു വിടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മനുഷ്യത്വമോ മര്യാദയോ ഇല്ലാത്ത വ്യാഖ്യാനമാണ് വീണ ജോർജിൻ്റെ പ്രസ്താവനയ്ക്ക് നൽകുന്നത്. റോഡിൽ മുറിവ് പറ്റി കിടക്കുന്നയാളെ പൊലീസ് ആശുപത്രിയിൽ കൊണ്ട് പോകുകയാണ് ചെയ്തത്. അവിടെത്തിയ ശേഷം അയാൾ എല്ലാവരെയും ആക്രമിക്കുകയായിരുന്നു. നടക്കാൻ പാടില്ലാത്ത സംഭവമാണിത്. ദാരുണമായ സംഭവം നടന്നിട്ട് സർക്കാരിനെതിരെ എങ്ങനെ വാർത്ത ഉണ്ടാക്കാമെന്നാണ് ബൂർഷ്വാ പാർട്ടികളും മാധ്യമങ്ങളും നോക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

പ്രതി സന്ദീപിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. സന്ദീപിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെയും ഡോക്ടർമാരുടെ പണിമുടക്ക് തുടരും. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമനം ഓർഡിനൻസായി എത്രയും വേഗം പാസാക്കണമെന്ന് ഐഎംഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

 

കേരളത്തെ നടുക്കിയ അതിക്രൂരമായ കൊലപാതകം നടന്ന് ഇന്ന് പുലർച്ചെയാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് പൊലീസ് എത്തിച്ച സന്ദീപ് ഹൗസ് സർജനായ വനിതാ ഡോക്ടർ 22 കാരിയായ വന്ദനയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കോട്ടയം മുട്ടുചിറ സ്വദേശിയായ ഡോ വന്ദന ദാസ്, കോട്ടയം മുട്ടുചിറയിൽ വ്യാപാരിയായ കെ ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ്. കൊലയാളി കുവട്ടൂർ സ്വദേശി സന്ദീപ് നെടുമ്പന യുപി സ്കൂൾ അധ്യാപകനാണ്. ഇയാളെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.

 

ഡോ വന്ദനയെ സന്ദീപ് പിന്തുടർന്ന് കുത്തിയെന്നാണ് എഫ്.ഐ.ആർ. കാലിലെ മുറിവിൽ മരുന്ന് വെയ്ക്കുന്നതിനിടെ സന്ദീപ് കത്രിക കൈക്കലാക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ വന്ദനയുടെ തലയിൽ ആദ്യം കുത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നിന്നെയൊക്കെ കുത്തികൊല്ലുമെന്ന് ആക്രോശിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.

 

അതിനിടെ, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സിക്കുന്നതിനിടെ പ്രതി സന്ദീപ് ഫോണിൽ പകർത്തിയ ഡോ. വന്ദനയുടെ അവസാന ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. ഇതിന് ശേഷമായിരുന്നു സന്ദീപിന്റെ ആക്രമണത്തിൽ വന്ദന കൊല്ലപ്പെടുന്നത്. സന്ദീപിന് പ്രാഥമിക ശുശ്രൂഷ നൽകുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഇത് സന്ദീപ് തന്നെ തന്റെ മൊബൈലിൽ എടുത്ത ദൃശ്യങ്ങളാണ്. കൊല്ലപ്പെട്ട ഡോ. വന്ദന ദാസിനെയും മുറിവ് ചികിത്സിക്കുന്ന നഴ്സിനെയും ഇതിൽ വ്യക്തമായി കാണാം.

 

പ്രതിയുടെ കാലിലെ മുറിവ് ഡ്രസ് ചെയ്യാനായി ധരിച്ചിരുന്ന പാന്റിന്റെ താഴ്ഭാ​ഗം നഴ്സ് മുറിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിൽ പ്രതിയുടെ സമീപത്തു നിന്ന് നഴ്സിന് നിർദേശങ്ങൾ നൽകുന്ന ഡോ. വന്ദന ദാസിനെയും കാണാം. ഇത് ചില സുഹൃത്തുക്കൾക്ക് പ്രതി മൊബൈലിൽ പകർത്തി അയച്ച ദൃശ്യങ്ങളാണ്. ഈ സമയത്ത് അയാൾ സ്വബോധത്തിലല്ലെന്നാണ് മനസിലാക്കുന്നത്. എന്തുകൊണ്ടാണ് ഇയാൾ ഈ ദൃശ്യം പകർത്തി സുഹൃത്തുക്കൾക്ക് അയച്ചതെന്ന് വ്യക്തമല്ല. ഈ ദൃശ്യങ്ങളിൽ പൊലീസുകാരുടെ സാനിധ്യമില്ല എന്നതും ശ്ര​ദ്ധേയമാണ്.