സ്ത്രീധന പരാതികൾ ജില്ലയിൽ കുറയുന്നുവെന്ന് വനിതാ കമ്മീഷൻ വിലയിരുത്തൽ

മലപ്പുറത്ത് നടന്ന അദാലത്തിൽ തീർപ്പാക്കിയത് 22 പരാതികൾ


സ്ത്രീധന സംബന്ധമായ പരാതികൾ ജില്ലയിൽ ഗണ്യമായി കുറഞ്ഞതായി വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ദമ്പതികൾ തമ്മിലുള്ള നിസാര പ്രശ്നങ്ങളുടെ പേരിൽ അവരുടെ കുട്ടികൾ വലിയ തോതിൽ മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സാഹചര്യമാണുള്ളതെന്നും ഈ ദുരവസ്ഥ ഇല്ലാതാക്കുന്നതിനുള്ള ഇടപെടലുകൾ കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും കമ്മീഷൻ അംഗം പറഞ്ഞു.

ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ, കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കങ്ങൾ, വഴി പ്രശ്നങ്ങൾ, തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവയാണ് കൂടുതലായും അദാലത്തിൽ കമ്മീഷന് മുമ്പിലെത്തിയത്. ഇതിൽ കമ്മീഷന്റെ പരിഗണനയിൽ വരാത്തവയും ഉണ്ടായിരുന്നെങ്കിലും സാധ്യമായവയ്ക്ക് ആവശ്യമായ കൗൺസിലിങ്, നിയമോപദേശം എന്നിവ നൽകിയതായി കമ്മീഷൻ അംഗം അറിയിച്ചു. കമ്മീഷൻ അംഗം വി.ആർ. മഹിളാമണിയുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ 58 പരാതികളാണ് പരിഗണനയിലുണ്ടായിരുന്നത്. ഇതിൽ 22 പരാതികൾ തീർപ്പാക്കി. പൊലീസിന്റെ ഭാഗത്തുനിന്നുള്ള റിപ്പോർട്ടിനായി എട്ട് പരാതികൾ കൈമാറി. ശേഷിക്കുന്ന 28 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. അദാലത്തിൽ അഭിഭാഷകരായ ബീന കരുവാത്ത്, ഒ. സുകൃത കുമാരി തുടങ്ങിയവർ പങ്കെടുത്തു.