അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി 15 മുതല്‍ തലശ്ശേരിയില്‍
മലപ്പുറം അടക്കം വടക്കന്‍ കേരളത്തിലെ ഏഴു ജില്ലകളില്‍ നിന്നുള്ളവര്‍ക്കും ലക്ഷദ്വീപ്, മാഹി നിവാസികള്‍ക്കുമായി സംഘടിപ്പിക്കുന്ന അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി ജൂണ്‍ 15 മുതല്‍ 20 വരെ തീയതികളിലായി തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. അഗ്നിവീറുകളെ തെരഞ്ഞെടുക്കുന്നതിനായി നടന്ന പൊതുപ്രവേശന എഴുത്തു പരീക്ഷയില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് റാലിയില്‍ പങ്കെടുക്കാം. കരസേനയിലേക്ക് ജനറല്‍ ഡ്യൂട്ടി, ടെക്നിക്കല്‍, ട്രേഡ്സ്മാന്‍ (പത്താം ക്ലാസ് വിജയിച്ചവര്‍), ട്രേഡ്സ്മാന്‍ (എട്ടാം ക്ലാസ് വിജയിച്ചവര്‍), ക്ലര്‍ക്ക്/ സ്റ്റോര്‍ കീപ്പര്‍ വിഭാഗങ്ങളിലേക്ക് അഗ്നിവീറുകളെ തെരഞ്ഞെടുക്കുന്നതിനായാണ് റാലി. പൊതു പ്രവേശന പരീക്ഷയുടെ ഫലം www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ അഡ്മിറ്റ് കാര്‍ഡ് ഇ.മെയിലില്‍ അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.joinindianarmy.nic.in വെബ്സൈറ്റില്‍ തങ്ങളുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്തും അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാമെന്ന് കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ഓഫീസില്‍ നിന്നും അറിയിച്ചു.