പേവിഷബാധ: വാക്‌സിന് ആവശ്യം വര്‍ധിച്ചു, ബിപിഎൽ വിഭാഗത്തിനുമാത്രം സൗജന്യമാക്കിയേക്കും

സർക്കാർ ആശുപത്രികളിൽ പേവിഷബാധയ്ക്കുള്ള സൗജന്യ ചികിത്സ പരിമിതപ്പെടുത്തുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി മുതല്‍ പേവിഷബാധയ്ക്കുള്ള വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമല്ല. ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രം വാക്സിന്‍ സൗജന്യമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്.

പേവിഷബാധയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയതില്‍ 70% പേരും സമ്പന്നരെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ആലോചന. പേവിഷബാധയ്ക്കെതിരായുള്ള പ്രതിരോധ വാക്സിന്‍ സംസ്ഥാനം കൂടുതല്‍ വാങ്ങേണ്ട സാഹചര്യം ഉണ്ടായതിന്റെ പശ്ചാതലത്തിലാണ് ഇത്തരമൊരു നിര്‍ദേശം വന്നിരിക്കുന്നത്.

എന്നാല്‍ ഇതുസംബന്ധിച്ച് തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. സാമ്പത്തികമായി പിന്നോട്ടുനില്‍ക്കുന്ന എല്ലാവര്‍ക്കും സൗജന്യമായി തന്നെ വാക്സിന്‍ ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിഷയത്തില്‍ പ്രതികരിച്ചത്.