നീണ്ട താടിമൂലം സീറ്റ് ബെൽറ്റ് മറഞ്ഞു; വൈദികന് ഡബിൾ പിഴയിട്ട് എ ഐ ക്യാമറ
കാക്കനാട്: നീണ്ട താടി സീറ്റ്ബെല്‍റ്റ് മറച്ചതിനാല്‍ കാര്‍ യാത്രികനായ വൈദികന് പിഴ ചുമത്തി എ.ഐ. ക്യാമറ. താൻ ബെല്‍റ്റ് ധരിച്ചിരുന്നുവെന്നും താടിയുള്ളതിനാല്‍ ക്യാമറ ബെല്‍റ്റിനെ കാണാത്തതാണെന്നും വൈദികൻ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസിലെത്തി തെളിവ് നിരത്തിയതോടെ ഉദ്യോഗസ്ഥര്‍ വെട്ടിലായി.
ഒടുവില്‍ പിഴയും ദൃശ്യങ്ങളും ഉദ്യോഗസ്ഥര്‍ ക്യാമറയില്‍നിന്ന് നീക്കം ചെയ്തു. വൈദികൻ മടങ്ങിയെങ്കിലും തൊട്ടടുത്ത ദിവസം വീണ്ടും അതേ പിഴ എത്തി. കാക്കനാട് പടമുകള്‍ സെയ്ന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. ജോണ്‍ ജോര്‍ജ് (സുനില്‍ അച്ചൻ) ആണ് നീണ്ട താടിയില്‍ കുടുങ്ങി ആര്‍.ടി. ഓഫീസുകളില്‍ കയറി ഇറങ്ങുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഫാദര്‍, അടൂര്‍ ഏനാത്ത് താമസിക്കുന്ന മാതാപിതാക്കളെ കാണാൻ കാറില്‍ പോയത്. വ്യാഴാഴ്ച തിരികെ വരുമ്ബോളാണ് കോട്ടയം, ആലപ്പുഴ ജില്ലകളിലെ എ.ഐ. ക്യാമറകളില്‍ ബെല്‍റ്റില്ലാത്തതിന്റെ പേരില്‍ കുടുങ്ങിയത്.
ആദ്യം ആലപ്പുഴ ആര്‍.ടി. ഓഫീസിലെ സന്ദേശമാണ് മൊബൈല്‍ ഫോണിലെത്തിയത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍ 500 രൂപ പിഴ അയ്ക്കണമെന്നായിരുന്നു സന്ദേശം. ഇതിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്താൻ ആലപ്പുഴ ആര്‍.ടി.ഒ. ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ വാഹനം രജിസ്റ്റര്‍ ചെയ്ത ഓഫീസിലെത്താനാണ് മറുപടി ലഭിച്ചത്. അതനുസരിച്ച് തൃപ്പൂണിത്തുറ ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ കാക്കനാട് എൻഫോഴ്സ്മെന്റ് ആര്‍.ടി. ഓഫീസിലേക്ക് വിട്ടു. അവിടെ നേരിട്ടെത്തി ക്യാമറ ദൃശ്യങ്ങളില്‍ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ നീട്ടി വളര്‍ത്തിയ താടിയുള്ളതിനാല്‍ വൈദികൻ സീറ്റ് ബെല്‍റ്റ് ധരിച്ചത് എ.ഐ. ക്യാമറ കണ്ടില്ലെന്ന് വെഹിക്കിള്‍ ഇൻസ്പെക്ടര്‍മാര്‍ക്കു ബോധ്യപ്പെട്ടു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ആലപ്പുഴ ഓഫീസുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വ്യക്തമാക്കിയപ്പോഴാണ് പിഴയും ദൃശ്യങ്ങളും ഒഴിവായത്.
തൊട്ടടുത്ത ദിവസം കോട്ടയം ജില്ലയിലെ എ.ഐ. ക്യാമറയുടെ പിഴയും വൈദികന്റെ ഫോണിലെത്തി. ഒരുപാട് ഓട്ടത്തിനു ശേഷമാണ് ആദ്യത്തെ പിഴ ഒഴിവാക്കിയത്. ഇതിന് ഇനി എത്ര പേരെ വിളിക്കണമെന്ന ആശങ്കയിലാണ് ഈ വൈദികൻ. ഇങ്ങനെയൊക്കെ തെറ്റുപറ്റുബോൾ പിഴ ഒഴിവാക്കാൻ ആരെയാണ് ബന്ധപ്പെടേണ്ടതെന്നും കൃത്യമായിട്ട് അധികൃതര്‍ പറയുന്നില്ല. ഇത്തരം ക്യാമറകളില്‍ തെറ്റായി പതിയുന്ന സംഭവങ്ങളെ കുറിച്ച് എവിടെയാണ് പരാതി നല്‍കേണ്ടതെന്ന ഒരു അറിയിപ്പ് വാഹനവകുപ്പ് നല്‍കാൻ തയ്യാറാകണമെന്നാണ് ഫാദറിന്റെ പക്ഷം.