‘ജീപ്പിന് മുകളില്‍ തോട്ടി, കെഎസ്‌ഇബിയെ ഷോക്കടിപ്പിച്ച് എഐ ക്യാമറ’; 20,500 രൂപ പിഴയടക്കാന്‍ നോട്ടീസ്
കല്‍പ്പറ്റ: വയനാട്ടില്‍ കെഎസ്‌ഇബിയുടെ ജീപ്പിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. കെ.എസ്.ഇ.ബി ലൈൻ വര്‍ക്കിനായി തോട്ടിയുമായി പോയ വാഹനാമാണ് എ.ഐ കാമറയില്‍ പതിഞ്ഞത്.
ഇതിന് പിന്നാലെയാണ് 20,500 രൂപ പിഴ യൊടുക്കണമെന്ന് കാണിച്ച് മോട്ടോര്‍വാഹനവകുപ്പ് കെഎസ്‌ഇബിയ്ക്ക് നോട്ടീസ് അച്ചത്. അമ്ബലവയല്‍ ഇലക്‌ട്രിക്കല്‍ സെക്ഷൻ ഓഫീസിലെ ജീവനക്കാര്‍ക്കായി വാടകയ്ക്കെടുത്ത ജീപ്പിനാണ് ഫൈൻ കിട്ടിയത്.
അമ്ബവലയല്‍ സെക്ഷന്‍ ഓഫീസിനായി ഓടുന്ന കെ.എല്‍. 18 ക്യൂ. 2693 നമ്ബര്‍ ജീപ്പിനാണ് എ.ഐ ക്യാമറയുടെ ഷോക്ക് കിട്ടിയത്. ജൂണ്‍ ആറിന് ചാര്‍ജുചെയ്ത കേസിന് 17 നാണ് നോട്ടീസ് വന്നത്. വണ്ടിയുടെ ചിത്രങ്ങളും പിഴയ്ക്ക് കാരണമായ കുറ്റങ്ങളും സഹിതം എം.വി.ഡിയുടെ കത്തുവന്നതോടെ വാഹന ഉടമ ഞെട്ടി. കാലങ്ങളായി ഇതേരീതിയില്‍ ഓടുന്ന വാഹനത്തിന് ഭീമമായ തുക പിഴയീടാക്കിയത് കെ.എസ്.ഇ.ബി.ക്കും വലിയ ഷോക്കായി.
കെ.എസ്.ഇ.ബിക്കായാണ് വാഹനം ഓടിയതെന്നതിനാല്‍ പിഴതുക ബോര്‍ഡ് തന്നെ അടക്കേണ്ടിവരും.
സംഭവത്തില്‍ കെ.എസ്.ഇ.ബി. ഉന്നതരെയും മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെയും വിവരമറിയിച്ചിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി. ഇലക്‌ട്രിക് സെക്ഷന്‍ അസി. എഞ്ചിനീയര്‍ എ.ഇ. സുരേഷ് പറഞ്ഞു. ലൈനില്‍ ധാരാളം അറ്റകുറ്റപ്പണികള്‍ ഉളള മഴക്കാലത്ത് എ.ഐ. കാമറയെപ്പേടിച്ച് വണ്ടി പുറത്തിറക്കാന്‍ പറ്റാതായും ജീവനക്കാര്‍ പറഞ്ഞു.
അതിനിടെ പതിനേഴുകാരനായ അനിയൻമാര്‍ക്ക് സ്‌കൂട്ടര്‍ ഓടിക്കാൻ നല്‍കിയ മലപ്പുറത്തെ രണ്ട് ജ്യേഷ്ഠന്മാര്‍ വെട്ടിലായി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ചേട്ടന്മാര്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണിയാണ്. വെങ്ങാലൂര്‍ കടവത്ത് തളികപ്പറമ്ബില്‍ മുഹമ്മദ് ഷഫീഖ് (23), കല്പകഞ്ചേരി പാറമ്മലങ്ങാടി കാരാട്ട് വീട്ടില്‍ മുഹമ്മദ് ഫസല്‍ യാസീൻ (22) എന്നിവരാണ് തങ്ങളുടെ ഇളയ സഹോദരന്മാര്‍ക്ക് പൊതുനിരത്തില്‍ സ്‌കൂട്ടര്‍ ഓടിക്കാൻ നല്‍കി കുടുങ്ങിയത്.
പുത്തനങ്ങാടി – തുവ്വക്കാട് പബ്ലിക് റോഡില്‍ സ്‌കൂട്ടര്‍ ഓടിച്ചതിന് ഒരാള്‍ പിടിയിലായപ്പോള്‍ രണ്ടാമൻ പിടിയിലായത് കടുങ്ങാത്തുകുണ്ട് – പാറമ്മലങ്ങാടി റോഡില്‍ വെച്ചാണ്. കല്‍പ്പകഞ്ചേരി എസ് ഐ കെ എം സൈമണ്‍ ആണ് അനിയൻ സ്കൂട്ടര്‍ ഓടിച്ചതിന് മുഹമ്മദ് ഷഫീഖിനെ അറസ്റ്റ് ചെയ്തത്. മറ്റൊരു എസ് ഐ ആയി സി രവിയാണ് മുഹമ്മദ് ഫസല്‍ യാസീനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് 21നാണ് ഇരുവരും പിടിയിലായത്. കുട്ടികളെ കാര്യം പറഞ്ഞ് മനസ്സിലാക്കി പൊലീസ് വീട്ടിലേക്കയച്ചുവെങ്കിലും വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.