ഓക്സിജന്‍ തീരാന്‍ മണിക്കൂറുകള്‍; ടൈറ്റനെ കണ്ടെത്താനാകുമോ എന്ന ആകാംഷയില്‍ ലോകം

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ യാത്രികരുമായി പോയ സ്വകാര്യ കമ്ബനിയുടെ അന്തര്‍വാഹിനി ടൈറ്റനെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍.

പേടകത്തിനുള്ളിലെ ഓക്സിജന്‍ അപകടകരമായ അളവില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പേടകത്തില്‍ ഓക്‌സിജന്‍ ലഭ്യമാകുന്ന അവസാന മണിക്കൂറുകളാണ് കടന്നുപോകുന്നതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളത്തിനടിയിലുള്ള ശബ്ദതരംഗങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വിജയത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്തര്‍വാഹിനിയെ കാണാതായ സ്ഥലത്തേക്ക് കൂടുതല്‍ കപ്പലുകള്‍ എത്തിച്ചിട്ടുണ്ട്.സെന്‍സറുകളുള്ള മൂന്ന് വ്യത്യസ്ത എയര്‍ക്രാഫ്റ്റുകള്‍ വെള്ളത്തിനടിയില്‍ നിന്ന് ആവര്‍ത്തിച്ചുള്ള ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആഴക്കടല്‍ പര്യവേക്ഷകനായ ഡോ. ഡേവിഡ് ഗാലോ ഇന്ന് രാവിലെ ബ്രിട്ടീഷ് വാര്‍ത്താ ചാനലിനോട് പറഞ്ഞിരുന്നു. ഇത്തരം ശബ്ദങ്ങള്‍ തിരച്ചില്‍ മേഖല ചുരുക്കാന്‍ സഹായിച്ചെങ്കിലും അന്തര്‍വാഹിനിയുടെ കൃത്യമായ സ്ഥാനവും ഉറവിടവും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് യു.എസ് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ദക്ഷിണ അറ്റ്ലാന്റിക് കടലില്‍ മുങ്ങിയ ആഡംബരക്കപ്പല്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രയ്‌ക്കിടെയാണ് അന്തര്‍വാഹിനി അപ്രത്യക്ഷമായത്. ഈ അന്തര്‍വാഹനിയിലെ യാത്രക്കാര്‍ പാക്, ബ്രിട്ടീഷ് ശതകോടീശ്വരന്മാരായിരുന്നു. അഞ്ച് യാത്രികരുമായി കടലിന്റെ അടിത്തട്ടിലേക്ക് നീങ്ങിയ, ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന സ്വകാര്യ കമ്ബനിയുടെ ‘ടൈറ്റൻ’ എന്ന അന്തര്‍വാഹിനിയാണ് കാണാതായത്.

ഞായറാഴ്ചയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനായി അഞ്ച് യാത്രികരുമായി അന്തര്‍വാഹിനി യാത്ര തിരിച്ചത്. രണ്ട് മണിക്കൂറിനുള്ളില്‍ അന്തര്‍വാഹിനിയുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍, സമുദ്രോപരിതലത്തില്‍നിന്ന് ഏകദേശം 3,800 മീറ്റര്‍ (12,500 അടി) താഴെയാണ് ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങളുള്ളത്. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡില്‍നിന്ന് ഏതാണ്ട് 3700 മൈല്‍ അകലെയാണത്. ഈ അവശിഷ്ടങ്ങള്‍ കാണുന്നതിനായി പ്രത്യേകം നിര്‍മിച്ച അന്തര്‍വാഹിനികള്‍ ഉപയോഗിച്ചു തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. കോടീശ്വരൻമാരായ വിനോദസഞ്ചാരികളും സമുദ്ര വിഷയങ്ങളില്‍ താല്‍പര്യമുള്ള വിദഗ്ധരും ഗവേഷകരുമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താറുള്ളത്. ഒരാള്‍ക്ക് 2.5 ലക്ഷം യുഎസ് ഡോളറാണ് (രണ്ടു കോടിയിലധികം ഇന്ത്യൻ രൂപ) ഇതിനു ചെലവു വരിക.

വി.ഐ.പി യാത്രക്കാര്‍

ഏതാണ്ട് 21 അടി നീളമുള്ള അന്തര്‍വാഹിനിയിലാണ് ഞായറാഴ്ച രാവിലെ അഞ്ചംഗ സംഘം യാത്ര തിരിച്ചത്. രണ്ടു മണിക്കൂറിനുള്ളില്‍ ഈ അന്തര്‍വാഹിനിയുമായുള്ള ബന്ധം നഷ്ടപ്പെട്ടതായാണ് അധികൃതര്‍ അറിയിക്കുന്നത്. ‘പോളാര്‍ പ്രിൻസ്’ എന്ന ഗവേഷണ കപ്പലിലേക്കാണ് അന്തര്‍വാഹിനിയില്‍നിന്നുള്ള സിഗ്നലുകള്‍ ലഭിച്ചിരുന്നത്. ഈ കപ്പലുമായുള്ള ബന്ധമാണ് അന്തര്‍വാഹിനിക്ക് നഷ്ടമായത്.

പാക്കിസ്ഥാനിലെ പ്രശസ്തനായ വ്യവസായിയും മകനുമാണ് അന്തര്‍വാഹിനിയിലെ യാത്രക്കാരില്‍ രണ്ടു പേരെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കറാച്ചി ആസ്ഥാനമായുള്ള ‘എൻഗ്രോ’ എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപൻ ഷഹ്സാദാ ദാവൂദ്, മകൻ സുലേമാൻ എന്നിവരാണ് അന്തര്‍വാഹിനിയിലുള്ളത്. ഇക്കാര്യം ഇവരുടെ കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ ധനികരുടെ പട്ടികയില്‍ സ്ഥിരമായി ഇടംപിടിക്കുന്ന വ്യക്തിയാണ് ഷഹ്സാദയുടെ പിതാവ് ഹുസൈൻ ദാവൂദ്. ഊര്‍ജം, കൃഷി, പെട്രോകെമിക്കല്‍സ്, ടെലി കമ്യൂണിക്കേഷൻ തുടങ്ങിയ വിവിധ മേഖലകളിലായി പടര്‍ന്നു കിടക്കുന്ന പ്രസ്ഥാനമാണ് എൻഗ്രോ. കഴിഞ്ഞ വര്‍ഷം അവസാനം 10,000 കോടിയോളം രൂപയുടെ വരുമാനം രേഖപ്പെടുത്തിയ കമ്ബനിയാണിത്.

ബ്രിട്ടിഷ് വ്യവസായി ഹാമിഷ് ഹാര്‍ഡിങ്ങാണ് അന്തര്‍വാഹിനിയിലുള്ള മറ്റൊരാള്‍. ആക്‌‍ഷൻ ഏവിയേഷൻ എന്ന വിമാനക്കമ്ബനിയുടെ ഉടമയാണ് അൻപത്തെട്ടുകാരനായ ഹാര്‍ഡിങ്. ബഹിരാകാശത്തേക്കും യാത്ര നടത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ പേരില്‍ മൂന്ന് ഗിന്നസ് റെക്കോര്‍ഡുകളുമുണ്ട്. പ്രശസ്ത ഫ്രഞ്ച് ഡൈവര്‍ പോള്‍ ഹെൻറി നാര്‍ജിയോലെറ്റും അന്തര്‍വാഹിനിയിലുള്ളതായി സൂചനയുണ്ട്. യാത്ര പുറപ്പെടും മുൻപ് ഹാര്‍ഡിങ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലെ സൂചനയാണ് നാര്‍ജിയോലെറ്റിന്റെ സാന്നിധ്യത്തെക്കുറിച്ച്‌ വിവരം നല്‍കുന്നത്. യാത്ര സംഘടിപ്പിച്ച ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന കമ്ബനിയുടെ ചീഫ് എക്സിക്യൂട്ടിവ് സ്റ്റോക്ടൻ റഷാണ് അന്തര്‍വാഹിനിയിലെ അഞ്ചാമനെന്നാണ് വിവരം.

മാധ്യമപ്രവര്‍ത്തകനായ സി.ബി.എസിന്‍റെ ഡേവിഡ് പോഗ് കഴിഞ്ഞ വര്‍ഷം ഈ മുങ്ങിക്കപ്പലില്‍ സഞ്ചരിച്ച്‌ ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കണ്ടിരുന്നു. പുറത്തുനിന്നുള്ളവരുടെ സഹായം കൂടാതെ മുങ്ങിക്കപ്പലിന് അകത്തുള്ളവര്‍ക്ക് രക്ഷപ്പെടല്‍ അസാധ്യമാണെന്ന് ഇദ്ദേഹം പറയുന്നു. കപ്പലിന്‍റെ പ്രവേശന കവാടം പുറത്തുനിന്ന് ബോള്‍ട്ടുകളിട്ട് അടച്ചിട്ടുണ്ടാകും. മുങ്ങിക്കപ്പലിനൊപ്പം പോകുന്ന മറ്റൊരു കപ്പലുണ്ടാകും. ഇത് തൊട്ടുമുകളിലുണ്ടെങ്കില്‍ അടിയില്‍ നിന്നുകൊണ്ട് മുങ്ങിക്കപ്പലില്‍ നിന്ന് ടെക്സ്റ്റ് മെസേജുകള്‍ അയക്കാനാകും. അല്ലാത്തപക്ഷം, സമുദ്രത്തിനടിയില്‍ ജി.എപി.എസ്, റേഡിയോ സര്‍വിസുകള്‍ ലഭിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നാലു വര്‍ഷത്തോളമായി ഇത്തരം ടൈറ്റാനിക് യാത്രകള്‍ സജീവമാണ്. സമുദ്രാന്തര്‍ ഭാഗം കേന്ദ്രീകരിച്ച്‌ ഗവേഷണം നടത്തുന്ന വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കൂട്ടായ്മയില്‍ രൂപമെടുത്ത കമ്ബനിയാണ് ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ്. 2021ല്‍ തുടങ്ങിയ കമ്ബനിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ യാത്രയാണ് ഇപ്പോള്‍ നടന്നത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിനായി എട്ടു ദിവസത്തെ പാക്കേജാണ് കമ്ബനി നല്‍കുന്നത്.