ബലിപെരുന്നാള്‍ : യു.എ.ഇയില്‍ കൂടുതല്‍ തടവുകാരെ മോചിപ്പിക്കുന്നു

ദുബൈ : ബലിപെരുന്നാള്‍ ആഘോഷത്തിന് മുന്നോടിയായി യു.എ.ഇയില്‍ കൂടുതല്‍ തടവുകാരെ മോചിപ്പിക്കുന്നു. കഴിഞ്ഞദിവസം യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്യാൻ 988 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടതിനു പിന്നാലെ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആല്‍ മക്തൂം 650 പേരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.

ഷാര്‍ജ എമിറേറ്റില്‍ 390 പേരുടെ മോചനത്തിനാണ് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താൻ അല്‍ ഖാസിമി അംഗീകാരം നല്‍കിയത്. നിരവധി തടവുകാര്‍ക്ക് മാപ്പ് നല്‍കാൻ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈോൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാഷിദ് അല്‍ മുല്ല ഉത്തരവിട്ടിട്ടുണ്ട്. തെറ്റുതിരുത്തി സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാനും, കുടുംബ ബന്ധം ദൃഢമാക്കാനും തടവുകാര്‍ക്ക് അവസരം നല്‍കാനാണ് മോചനമെന്ന് ഭരണാധികാരികള്‍ പറഞ്ഞു.