സൗദിയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ഉണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആക്രമിയും സുരക്ഷാ ഗാര്‍ഡിലെ ഒരു നേപ്പാളി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്.

ഇന്നലെ വൈകുന്നേരം 6.45ഓടെയായിരുന്നു ആക്രമണം. കാറില്‍ കോണ്‍സുലേറ്റിന് സമീപം വന്നിറങ്ങിയ അക്രമി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. പരസ്പരമുള്ള വെടിവെപ്പിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. അമേരിക്കക്കാര്‍ക്ക് ആര്‍ക്കും ആക്രമണത്തില്‍ പരുക്കില്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് മക്ക മേഖല പൊലീസ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന യുഎസ് എംബസിയും കോണ്‍സുലേറ്റും സൗദി അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് അറിയിച്ചു. സമീപവര്‍ഷങ്ങളിലും സൗദിയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണങ്ങളുണ്ടായിരുന്നു. 2016ലുണ്ടായ സ്ഫോടനത്തില്‍ ഒരു ചാവേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

2004ല്‍ യുഎസ് കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ നാല് സൗദി സുരക്ഷാ ഉദ്യോഗസ്ഥരും അഞ്ച് പ്രാദേശിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഈ സംഭവത്തില്‍ അക്രമികളില്‍ മൂന്ന് പേരും കൊല്ലപ്പെട്ടിരുന്നു.