ഭാര്യയെ കൊന്നു, പിന്നാലെ 18 മാസത്തെ ഒളിവുജീവിതം; ആള്‍ദൈവം പിടിയിലായത് ഗൂഗിള്‍ പേ വഴി പണമയച്ചപ്പോള്‍

ഭാര്യയെ കൊലപ്പെടുത്തി പതിനെട്ട് മാസമായി വേഷം മാറി ഒളിവില്‍ കഴിഞ്ഞുവന്ന ആള്‍ദൈവം പിടിയില്‍. ചെന്നൈ സ്വദേശി എന്‍ രമേഷ് എന്നയാളാണ് പൊലീസ് പിടിയിലായത്. ഗൂഗിള്‍ പേ വഴി സുഹൃത്തിന്റെ ഫോണിലേക്ക് പണമയച്ചതാണ് പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. അയ്യായിരം രൂപ ഫോണ്‍ വഴി അയച്ച പ്രതി, ഈ തുക മകന് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഭക്ഷയെടുത്ത് സന്യാസിയായാണ് ഇയാള്‍ ജീവിച്ചിരുന്നത്. ഇതിനിടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന തുടങ്ങിയത്. പൊലീസ് നിരീക്ഷണത്തിനിടെ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് സമീപം വച്ചാണ് പ്രതി പിടിയിലായത്. ഡല്‍ഹിയിലെ ഒരു ആശ്രമത്തിലേക്ക് പോകാനായിരുന്നു ആള്‍ദൈവത്തിന്റെ പ്ലാന്‍.

വീട്ടുകാരുടെ എതിര്‍പ്പിനിടെ 2021ഡിസംബറിലാണ് രമേഷും ഭാര്യ വാണിയും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് വാണിയെ ഇയാള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ പഴയ വസ്ത്രങ്ങള്‍ക്കൊപ്പം ഉപേക്ഷിച്ച്കടന്നുകളഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷം യുവതിയുടെ വീട്ടുകാരാണ് ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് നേരിട്ട് വീട്ടിലെത്തി പരിശോധന നടത്തിയത്. ഇതിനിടെ രമേഷ് ഒളിവില്‍ പോകുകയും ചെയ്തു. താടിയും മുടിയും നീട്ടി ആള്‍ദൈവമായി ഒളിവില്‍ കഴിയുന്നതിനിടെ ഒരു വൈദികന്റെ ഫോണില്‍ നിന്ന് ഇയാള്‍ നാട്ടിലുള്ള സുഹൃത്തിന് പണമയയ്ക്കുകയായിരുന്നു. ഇതാണ് പ്രതിയിലേക്കെത്താന്‍ പൊലീസിനെ സഹായിച്ചത്.