‘കുത്തിയൊലിച്ച് ഹിമാചല്‍’;

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത അതിതീവ്ര മഴയ്ക്ക് പിന്നാലെ ഹിമാചല്‍ പ്രദേശിലെ മലനിരകളില്‍ ശക്തമായ മണ്ണിടിച്ചിലും അതിരൂക്ഷമായ മഴവെള്ളപ്പാച്ചിലും വന്‍ നാശനഷ്ടം. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ ജലവിതരണ പദ്ധതികൾ തകരാറിലാവുകയും ജലസ്രോതസ്സുകളിൽ ചെളി അടിഞ്ഞുകൂടുകയും ചെയ്തതോടെ ഹിമാചൽ പ്രദേശിന്‍റെ തലസ്ഥാനമായ ഷിംല ജലക്ഷാമത്തിന്‍റെ പിടിയിലായി. സംസ്ഥാനമൊട്ടുക്കും പ്രളയജലമൊഴുകുമ്പോള്‍ കുടിക്കാന്‍ തുള്ളിവെള്ളമില്ലാത്ത അവസ്ഥയിലാണ് ഷിംലയില്‍. ചെളി അടിഞ്ഞുകൂടിയതിനെ തുടർന്ന് ഷിംലയിലേക്കുള്ള ജലവിതരണം മൂന്നിലൊന്നിൽ താഴെയായി കുറഞ്ഞു, സ്ഥിതിഗതികൾ സാധാരണ നിലയിലാകാൻ മൂന്നോ നാലോ ദിവസം കഴിയുമെന്ന് അധികൃതർ അറിയിച്ചു.

ആശ്വാസകരമായ ഏക വാര്‍ത്ത, ഹിമാചൽ പ്രദേശിലെയും വടക്കൻ പഞ്ചാബിലെയും ഹരിയാനയിലെയും സമീപ പ്രദേശങ്ങളിലെ തീവ്രമായ മഴ ജൂലൈ 11 മുതൽ ഗണ്യമായി കുറയാൻ സാധ്യതയുണ്ടെന്ന ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ (ഐഎംഡി) പ്രവചനം മാത്രമാണ്. അതേസമയം വടക്കുകിഴക്കൻ ഇന്ത്യയിലും അതിനോട് ചേർന്നുള്ള കിഴക്കൻ ഇന്ത്യയിലും മഴ അതിശക്തമായിത്തുടരാനും സാധ്യതയുണ്ട്. അടുത്ത 4-5 ദിവസങ്ങളിൽ ഉത്തരാഖണ്ഡ്, കിഴക്കൻ രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴയ്‌ക്കൊപ്പം നേരിയതോ മിതമായതോ ആയ സാമാന്യം വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളിലെ ജലനിരപ്പ് വരും ദിവസങ്ങളിൽ ഉയർന്നേക്കും. മഴ സംസ്ഥാനത്തൊട്ടാകെ മഴ കനത്ത നാശം നഷ്ടമാണ് സൃഷ്ടിച്ചത്.