തിങ്കളെ തൊടാന്‍…; ചന്ദ്രയാന്‍-3 ഇറങ്ങാനിരിക്കുന്നത് പ്രകാശം പതിക്കാത്ത ചന്ദ്രന്റെ ഇരുണ്ടയിടങ്ങളില്‍; ചാന്ദ്രദൗത്യങ്ങളുടെ ചരിത്രം അറിയാം…
രാജ്യത്തെ എല്ലാ കണ്ണുകളും ചന്ദ്രനെ തൊടാനിരിക്കുന്ന ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിലേക്കാണ്. ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണത്തിന് ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. 2008 ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ ഒന്നു മുതല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് ചെയ്യാന്‍ പോകുന്ന ആദ്യ ദൗത്യമായ ചന്ദ്രയാന്‍ മൂന്ന് വരെയുള്ള ആ ചരിത്രം പരിശോധിക്കാം.
2005 ലാണ് ചാന്ദ്ര ദൌത്യത്തിനായി ആദ്യ ഘട്ടമായി 300 കോടി രൂപ കേന്ദ്ര സര്ക്കാര്‍ അനുവദിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷം 2008 ഒക്ടോബര് 22 നാണു ചന്ദ്രയാന്‍ ഒന്ന് വിക്ഷേപിക്കുന്നത്. ഐഎസ്ആര്‍ഒയുടെ ആദ്യ ഗോളാന്തര ദൗത്യമായിരുന്നു ചാന്ദ്രയാന്‍ 1 .
പത്തു മാസത്തോളം പ്രവര്‍ത്തനത്തിലിരുന്ന ചാന്ദ്രയാന്‍ ഒന്ന് വഹിച്ച മൂണ്‍ ഇംപാക്ട് പ്രോബ് , നാസയുടെ മൂണ്‍ മിനറോളജി മാപ്പര്‍ എന്നിവ ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് ബഹിരാകാശ ശാസ്ത്രത്തിലെ നാഴികക്കല്ലുകളിലൊന്നായിരുന്നു. ചന്ദ്രോപരിതലത്തിലുള്ള 1971 ലെ നാസ ദൗത്യമായ അപ്പോളോ 15 മിഷന്റെ അവശിഷ്ടങ്ങള്‍ ചന്ദ്രയാന്‍ ഒന്ന് പകര്‍ത്തിയിരുന്നു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ സംബന്ധിച്ച പഠനത്തിനായി വിക്ഷേപിച്ച ദൗത്യമായിരുന്നു ചാന്ദ്രയാന്‍ 2 . 2019 ജൂലൈ 22നാണ് ചന്ദ്രയാന്‍ 2 വിക്ഷേപിച്ചത്. ഒന്നര മാസത്തിനു ശേഷം സെപ്റ്റംബര്‍ ആറാം തീയതി ചന്ദ്രനിലെ സോഫ്ട് ലാന്റിങ്ങിന് ശ്രമിക്കവേ സിഗ്‌നല്‍ പ്രശ്‌നങ്ങള്‍ കാരണം ചന്ദ്രയാന്‍ 2 ഇടിച്ചിറങ്ങി. പദ്ധതി പൂര്‍ണ വിജയത്തിലെത്താതെ പോയി.
ചന്ദ്രയാന്‍ രണ്ടിന്റെ കുറവുകളെല്ലാം പരിഹരിച്ചാണ് ചാന്ദ്രയാന്‍-3 തയാറാക്കിയിട്ടുള്ളത്. ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്റര്‍ ഇല്ലാതെയാണ് ചന്ദ്രയാന്‍ 3 നിര്‍മിച്ചിട്ടുള്ളത്. ഭാരം കുറച്ച് യാത്രയുടെ ചെലവും സുരക്ഷയും കൂട്ടുവാന്‍ കൂടെയാണിത്. 348 ടണ്‍ ഇന്ധന ശേഷിയുള്ള ജി എസ് എല്‍ വി മാര്‍ക്ക് 3 റോക്കറ്റ് ആണ് ചാന്ദ്രയാന്‍ മൂന്നിനെ വഹിക്കുന്നത്.
റോക്കറ്റില്‍ നിന്ന് വേര്‍പെട്ട ശേഷം വിക്രം സാരാഭായ്‌യുടെ സ്മരണാര്‍ത്ഥം പേര് നല്‍കിയ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ എന്ന റോവറും ചന്ദ്രനിലിറങ്ങും. ചാന്ദ്രയാന്‍ രണ്ടിലെ ലാന്ററിനും റോവറിനും നല്‍കിയ അതേ പേരുകള്‍ തന്നെ.
ലാന്‍ഡറിനെ കൃത്യമായി ചാന്ദ്ര ഭ്രമണപഥത്തിലെത്തിക്കാനായി ഒരു പ്രൊപ്പല്ലന്റ് മോഡ്യൂളും ചാന്ദ്രയാന്‍ മൂന്നിലുണ്ട്. ഓര്‍ബിറ്ററില്‍ സ്ഥാപിച്ച നാസയുടെ ലേസര്‍ റിട്രോ റിഫ്‌ലക്ടര്‍ അറേ ആണ് ചാന്ദ്രയാന്‍ 3ലെ ഏക വിദേശ നിര്‍മിത പേലോഡ്.
ഭൂമിയില്‍ നിന്ന് ബഹിരാകാശത്തു എത്തിയതിനു ശേഷം ഭൂമിക്കു ചുറ്റുമുള്ള ദീര്‍ഘ വൃത്ത പഥത്തില്‍ ഒരു മാസത്തോളം ചിലവഴിച്ചതിന്ന് ശേഷം ഘട്ടം ഘട്ടമായി ഉയര്‍ത്തി ചന്ദ്രനിലെത്തിക്കും. വിക്ഷേപണം കഴിഞ്ഞു നാല്‍പത്തിയൊന്നാം ദിവസം ഓഗസ്റ്റ് 23 നാണ് ചന്ദ്രയാന്‍ 3യിലെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്യുക.
വര്‍ഷത്തില്‍ ഒരിക്കല്‍ പോലും സൂര്യ പ്രകാശം പതിക്കാതെ ഇരുണ്ടയിടങ്ങളുള്ള ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനരികെയാണ് ചാന്ദ്രയാന്‍ മൂന്ന് ഇറങ്ങാന്‍ പദ്ധതിയിടുന്നത്. നാല് കിലോമീറ്റര് നീളവും 2 .4 കിലോമീറ്റര്‍ വീതിയുമുള്ള എല്‍ എസ് 2 എന്ന സുരക്ഷിത മേഖലയിലാണ് പേടകം ഇറങ്ങുക.ലാന്‍ഡറും റോവറും 14 ദിവസത്തോളം ചന്ദ്രനില്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തും.
കമ്മ്യൂണിക്കേഷന്‍സ് റിലേ ഉപഗ്രഹം കൂടിയായ പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ഭൂമിയുമായുള്ള ആശയവിനിമയം സാധ്യമാക്കുന്നതിന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തന്നെ തുടരും. ചന്ദ്രോപരിതലത്തിലുള്ള രാസ, പ്രകൃതി മൂലകങ്ങള്‍, മണ്ണ്, ജലം എന്നിവയുടെ പര്യവേക്ഷണമാണ് 615 കോടി രൂപ ചെലവുള്ള ചാന്ദ്രയാന്‍ 3 ദൗത്യം കൊണ്ട് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ചന്ദ്രയാന്‍3 ദൗത്യം വിജയകരമാകുന്നതോടെ ചന്ദ്രന്റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.