മലേഷ്യൻ പരമോന്നത പുരസ്‌കാരം കാന്തപുരത്തിന്; മലേഷ്യൻ രാജാവ് സമ്മാനിച്ചു

ലോക മുസ്‌ലിം പണ്ഡിതര്‍ക്ക് നല്‍കുന്ന പരമോന്നത മലേഷ്യന്‍ ബഹുമതിയായ ഹിജ്‌റ പുരസ്‌കാരം ഓള്‍ ഇന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക്. ക്വാലാലംപൂര്‍ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ മലേഷ്യന്‍ രാജാവ് അല്‍-സുല്‍ത്താന്‍ അബ്ദുല്ല സുല്‍ത്താന്‍ അഹമ്മദ് ഷാ പുരസ്‌കാരം സമ്മാനിച്ചു. പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചിത്രത്തിനൊപ്പം ഒരു കുറിപ്പും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചു.

‘ഈ അംഗീകാരം എനിക്ക് ലോകം എന്നാണ് അർത്ഥമാക്കുന്നത്, എന്റെ യാത്രയുടെ ഭാഗമായ എണ്ണമറ്റ ആളുകളുടെ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും പിന്തുണയുടെയും തെളിവാണിത്. ഈ അവാർഡ് നമ്മുടെ മനോഹരമായ രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും സേവിക്കുന്നതിനുള്ള എന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു. എല്ലാവർക്കും പ്രയോജനം ചെയ്യുന്ന ക്രിയാത്മകമായ സ്വാധീനം ചെലുത്താനും അർത്ഥവത്തായ മാറ്റങ്ങൾ കൊണ്ടുവരാനും അശ്രാന്തമായി പ്രവർത്തിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു’ – കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചു.‎

പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീം, മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നാഹിം ബിന്‍ മുക്താര്‍, രാജകുടുംബാംഗങ്ങള്‍, പൗരപ്രമുഖര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാര ദാനം. ലോക സമാധാനത്തിനും സൗഹാര്‍ദ്ദത്തിനുമായി പ്രവര്‍ത്തിക്കുന്ന ആഗോള പ്രശസ്തരായ മുസ്‌ലിം പണ്ഡിതര്‍ക്ക് 2008 മുതല്‍ എല്ലാ ഹിജ്‌റ വര്‍ഷാരംഭത്തിലും നല്‍കി വരുന്നതാണ് ഈ പുരസ്‌കാരം.