ഗ്യാൻവാപി കേസിൽ മുസ്ലീം പക്ഷത്തിന് തിരിച്ചടി: കാർബൺ ഡേറ്റിംഗ് നടത്താൻ വാരണാസി കോടതിയുടെ അനുമതി
കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാൻവാപി മസ്ജിദിൻ്റെ കാർബൺ ഡേറ്റിംഗ് നടത്താൻ വാരാണസി കോടതി അനുമതി നൽകി. തർക്കഭാഗം ഒഴികെ എഎസ്‌ഐ സർവേ നടത്താമെന്ന് ജില്ലാ കോടതിയുടെ ഉത്തരവ്. മസ്ജിദിൽ ശാസ്ത്രീയമായ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം നൽകിയ ഹർജിയിലാണ് വാരണാസി കോടതിയുടെ വിധി.
ജൂലൈ 14 ന് വാദം പൂർത്തിയാക്കിയ ശേഷം ജില്ലാ ജഡ്ജി ഡോ. അജയ് കൃഷ്ണ വിശ്വേഷിന്റെ കോടതി വിധിപറയാൻ മാറ്റി വയ്ക്കുകയായിരുന്നു. ഹിന്ദു പക്ഷത്തിന്റെ വാദം അംഗീകരിച്ച കോടതി, എഎസ്‌ഐയുടെ ശാസ്ത്രീയ സർവേ രാവിലെ 8 മുതൽ 12 വരെ നടത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. സർവേ സമയത്ത് നമസ്‌കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തരുതെന്നും പള്ളിക്ക് കേടുപാടുകൾ വരുത്തരുതെന്നും കോടതി ആവശ്യപ്പെട്ടു.
ഓഗസ്റ്റ് നാലിനകം സർവേയ്ക്കായി ഒരു സംഘത്തെ രൂപീകരിക്കാനും എഎസ്ഐ ഡയറക്ടർക്ക് നിർദ്ദേശം നൽകി. കേസ് ഓഗസ്റ്റ് നാലിന് വീണ്ടും പരിഗണിക്കും. സർവേ എങ്ങനെ വേണമെന്ന് അന്ന് തീരുമാനിക്കും. കോടതി വിധി തങ്ങളുടെ വലിയ വിജയമായാണ് ഹിന്ദുപക്ഷം വിശേഷിപ്പിക്കുന്നത്. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ളതാണ് ഗ്യാന്‍വാപി മസ്ജിദ്. പതിനാറാം നൂറ്റാണ്ടില്‍ കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് പള്ളി പണിതതാണെന്ന് ആരോപിച്ച് സുപ്രീം കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും വാരണാസി കോടതിയിലും നിരവധി ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.