കോവിഡ് ‍പോസിറ്റീവ് ആയവർക്ക് വോട്ട് ചെയ്യാൻ; സ്പെഷ്യൽ സെല്‍ രൂപീകരിച്ചു.

കോവിഡ് പോസറ്റീവായവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ വഴി വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും നടപടികളും സ്വീകരിക്കുന്നതിനായി സ്പെഷ്യല്‍ സെല്‍ രൂപീകരിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നിയോഗിക്കുന്ന ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ (ഡി.എച്ച്.ഒ) സ്പെഷ്യല്‍ വോട്ടര്‍മാരുടെ സര്‍ട്ടിഫൈഡ് ലിസ്റ്റ് കൈമാറും. ലിസ്റ്റ് സംബന്ധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും അവ റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും മറ്റ് ജില്ലകളിലെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കുന്നതിനുമായാണ് സെപ്ഷ്യല്‍ സെല്‍ രൂപീകരിച്ചിട്ടുള്ളത്. സെപ്ഷ്യല്‍ ബാലറ്റ് നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി കലക്ടര്‍ ( എല്‍.എ എയര്‍പോര്‍ട്ട്) പി.ഷാജു അടക്കം 16 പേരാണ് സ്‌പെഷ്യല്‍ സെല്ലിലുള്ളത്.

 

വോട്ടര്‍മാരുടെ സര്‍ട്ടിഫൈഡ് ലിസ്റ്റ് രണ്ട് വിഭാഗങ്ങളിലായാണ് നല്‍കുക. ഒന്നാം വിഭാഗത്തില്‍ വോട്ടെടുപ്പിന് തലേ ദിവസം വൈകീട്ട് മൂന്ന് മുതല്‍ പത്ത് ദിവസം മുമ്പ് വരെയുള്ള അതത് ദിവസങ്ങളിലെ കോവിഡ് പോസിറ്റീവായ വോട്ടര്‍മാരും രണ്ടാം വിഭാഗത്തില്‍ വോട്ടെടുപ്പിന് തലേ ദിവസം വൈകീട്ട് മൂന്ന് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള സമയത്ത് കോവിഡ് പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വോട്ടര്‍മാരെയുമാണ് ഉള്‍പ്പെടുത്തുന്നത്.

 

ഒന്നാം വിഭാഗത്തില്‍പ്പെടുന്ന വോട്ടര്‍മാര്‍ക്ക് സ്‌പെഷ്യല്‍ ബാലറ്റ് പേപ്പര്‍ മാത്രമാണ് അനുവദിക്കുക. ഇത്തരം വോട്ടര്‍മാര്‍ക്ക് പോളിങ് സ്റ്റേഷനില്‍ നേരില്‍ പോയി വോട്ട് ചെയ്യുന്നതിനുള്ള അനുമതിയില്ല. എന്നാല്‍ രണ്ടാം ഗ്രൂപ്പില്‍ പെടുന്ന സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുകയില്ല. അത്തരം വോട്ടര്‍മാര്‍ക്ക് പി.പി.ഇ കിറ്റ് ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടെടുപ്പിന്റെ അവസാന സമയത്ത് പോളിങ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി വോട്ട് രേഖപ്പെടുത്താം.

 

ഡിസംബര്‍ 14 ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ ആദ്യ ദിവസത്തെ സര്‍ട്ടിഫൈഡ് കോപ്പി 2020 ഡിസംബര്‍ അഞ്ചിനും തുടര്‍ന്ന് ഡിസംബര്‍ ആറാം തീയതി മുതല്‍ 13 ന് വൈകീട്ട് മൂന്ന് വരെയും ദൈനംദിന സര്‍ട്ടിഫൈഡ് ലിസ്റ്റ് ആരോഗ്യ വകുപ്പിലെ ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ സ്‌പെഷ്യല്‍ സെല്ലിലേക്ക് ലഭ്യമാക്കും. ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍മാര്‍ ലഭ്യമാക്കിയ സര്‍ട്ടിഫൈഡ് ലിസ്റ്റിലെ വിവരങ്ങള്‍ മേല്‍ നിയോഗിക്കപ്പെട്ട സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ അന്തിമ വോട്ടര്‍ പട്ടികയുമായി ഒത്തു നോക്കി പരിശോധിക്കുകയും സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ എന്തെങ്കിലും രേഖപ്പെടുത്തലുകള്‍ വരുത്തിയിട്ടില്ലെങ്കില്‍ ആവശ്യമായ രേഖപ്പെടുത്തലുകള്‍ വരുത്തി സര്‍ട്ടിഫൈഡ് ലിസ്റ്റ് ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് അതാത് ദിവസങ്ങളില്‍ തന്നെ നല്‍കും.

 

മറ്റു ജില്ലകളിലെ വോട്ടര്‍മാരായിട്ടുള്ളവര്‍ ജില്ലയില്‍ താമസിക്കുന്നതിനാല്‍ സ്‌പെഷ്യല്‍ സെല്‍ ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ സര്‍ട്ടിഫൈഡ് ലിസ്റ്റുകള്‍ രണ്ടു ഗ്രൂപ്പുകളിലായാണ് തയ്യാറാക്കുക. ആദ്യത്തെ ഗ്രൂപ്പില്‍ കോവിഡ് 19 പോസിറ്റീവായ സ്‌പെഷ്യല്‍ വോട്ടര്‍മാരെയും രണ്ടാമത്തെ ഗ്രൂപ്പില്‍ ക്വാറന്റൈനിലുള്ള സ്‌പെഷ്യല്‍ വോട്ടര്‍മാരെയും ഉള്‍പ്പെടുത്തും. സ്‌പെഷ്യല്‍ വോട്ടര്‍മാരുടെ സര്‍ട്ടിഫൈഡ് ലിസ്റ്റുകള്‍ തയ്യാറാക്കുമ്പോള്‍ ഗ്രൂപ്പ് ഒന്നില്‍ മലപ്പുറം ജില്ലയില്‍ താമസമുള്ളവരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടറായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെയും ലിസ്റ്റുകള്‍ ഗ്രാമ പഞ്ചായത്ത് , നഗരസഭ എന്നിങ്ങനെ തരം തിരിച്ചാണ് തയ്യാറാക്കുന്നത്.

 

ജില്ലയില്‍ താമസമുള്ളവരും എന്നാല്‍ മറ്റ് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടാറായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെയും ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ ജില്ല തിരിച്ചാണ് സ്‌പെഷ്യല്‍ വോട്ടര്‍മാരുടെ സര്‍ട്ടിഫൈഡ് ലിസ്റ്റുകള്‍ തയ്യാറാക്കുക. സര്‍ട്ടിഫൈഡ് ലിസ്റ്റിലെ ഗ്രൂപ്പ് രണ്ടില്‍ വരുന്ന ക്വാറെൈന്റനിനുള്ള വോട്ടര്‍മാരുടെ വിവരങ്ങള്‍ അവരുടെ അറിവിലേക്കായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെയും ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫീസറുടെയും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.