സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടലിന്റെ വക്കിൽ; ജനകീയ ഹോട്ടലുകൾക്ക് സർക്കാർ നൽകാനുള്ളത് കോടികൾ
മലപ്പുറം: ഇരുപത് രൂപയ്ക്ക് ഊണ് നല്‍കിയ വകയില്‍ ജനകീയ ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി ഇനത്തില്‍ നല്‍കാനുള്ളത് കോടിക്കണക്കിന് രൂപ. ഏറ്റവും കൂടുതല്‍ ജനകീയ ഹോട്ടലുകളുള്ള മലപ്പുറത്ത് എട്ട് കോടിയോളം രൂപ കുടിശ്ശികയുണ്ടെന്ന് നടത്തിപ്പുകാര്‍ പറയുന്നു. സബ്സിഡി സംവിധാനം കഴിഞ്ഞ ദിവസം തദ്ദേശ വകുപ്പ് നിര്‍ത്തലാക്കുകയും ചെയ്തു.
ജനകീയ ഹോട്ടലില്‍ പോയാല്‍ നേരത്തെ 20 രൂപ നല്‍കിയാന്‍ ഊണ് കഴിക്കാമായിരുന്നു. ഇങ്ങനെ നല്‍കുന്ന ഒരോ ഊണിനും പത്തു രൂപ വീതമായിരുന്നു നടത്തിപ്പുകാര്‍ക്ക് സർക്കാർ സബ്‌സിഡി നല്‍കിയിരുന്നത്. ആനുകൂല്യം അവസാനിപ്പിച്ചതായി കഴിഞ്ഞ ദിവസം തദ്ദേശ വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ ഈ ഇനത്തില്‍ കോടിക്കണക്കിന് രൂപ കുടിശ്ശികയാണ്.
മലപ്പുറത്ത് മാത്രം 144 ജനകീയ ഹോട്ടലുകളാണ് ഉള്ളത്. സബ്സിഡി കുടിശിക കിട്ടാതായതോടെ കടുത്ത പ്രതിസന്ധിയിലാണ് നടത്തിപ്പുകാരായ വനിതകള്‍. എട്ട് മാസത്തെ വരെ കുടിശ്ശിക ലഭിക്കാനുള്ള ഹോട്ടലുകൾ ജില്ലയിലുണ്ട്. സബ്‌സിഡി നിര്‍ത്തലാക്കിയതോടെ ഊണിന്റെ വില വർധിപ്പിക്കേണ്ട സ്ഥിതിയായി. ഇതോടെ ആളുകളുടെ വരവും കുറഞ്ഞു. അതേസമയം ഊണ് വിലയിലെ സബ്സിഡിയാണ് നിർത്തിയത്. നിലവിൽ ജനകീയ ഹോട്ടലുകൾക്ക് നൽകി വരുന്ന പിന്തുണാ സഹായങ്ങളായ വാടക, വൈദ്യുതി നിരക്ക്, വെള്ളക്കരം എന്നിവയിലെ ഇളവും സബ്‌സിഡി നിരക്കിലെ അരിയും തുടര്‍ന്നും ലഭിക്കും.