ടൂറിസം,മത്സ്യബന്ധന വ്യവസായങ്ങള്‍ക്ക് കുതിപ്പേകി തീരദേശ ഹൈവേ; അറിയാം തീരദേശ-ഹൈവേയുടെ ചരിത്രവും വാർത്തമാനവും വികസന സാധ്യതകളും

തിരൂര്‍: സംസ്ഥാനത്ത് നാഷണല്‍ ഹൈവേ 66 ന് സമാന്തരമായി തീരദേശ ഹൈവേയും നിര്‍മ്മാണം പുരോഗമിക്കുന്നു. മലപ്പുറം ജില്ലക്കും ഏറെ വികസന പ്രതീക്ഷകള്‍ നല്‍കുന്നതാണ് തീരദേശ ഹൈവേ. എന്‍.എച്ച് നോടൊപ്പം തീരദേശ ഹൈവേ കൂടി യാഥാര്‍ത്ഥ്യമാകുന്നത് ഗതാഗതക്കുരുക്ക് പരിഹരിക്കുമെന്നതിനപ്പുറം ടൂറിസം,മത്സ്യ ബന്ധന വ്യവസായങ്ങള്‍ക്ക് വലിയ കുതിപ്പുണ്ടാക്കാന്‍ സാധിക്കുന്നതാണ്.
സംസ്ഥാനത്തെ തീരദേശ ഹൈവേയെന്ന ആശയത്തിന് കഴിഞ്ഞ മുപ്പത് വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും മാറി വന്ന സര്‍ക്കാറുകള്‍ക്ക് പദ്ധതി യാഥാര്‍ത്ഥ്യമാക്കാനോ പൂര്‍ത്തിയാക്കാനോ കഴിഞ്ഞില്ല. തിരുവനന്തപുരത്തെ നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ 1993 ല്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് ഈ പദ്ധതി ആരംഭിച്ചത് . തുടര്‍ന്ന് ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും വിനോദസഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കാനുമുള്ള നടപടികള്‍ കേന്ദ്രം ശുപാര്‍ശ ചെയ്തു. പിന്നീട് 2011 ല്‍ ഉമ്മണ്‍ചാണ്ടി സര്‍ക്കാര്‍ തുടക്കമിട്ട കോഴിക്കോട് – വല്ലാര്‍പാടം തീരദേശ ഇടനഴിയുടെ ആദ്യ ഘട്ടം പറവണ്ണ മുതല്‍ ആശാന്‍പടി വരെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഇപ്പോള്‍ ഇതുകൂടി ഉള്‍പ്പെടുത്തിയാണ് പുതിയ തീരദേശ ഹൈവേ പദ്ധതി. 2017-ല്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക്) തയ്യാറാക്കിയ അലൈന്‍മെന്റിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയായിരുന്നു . നിലവിലുള്ള ദേശീയപാതകളും സംസ്ഥാനപാതകളും പദ്ധതിയുടെ ഭാഗമാക്കി പുതിയവ നിര്‍മിച്ച് മൂന്നുഘട്ടമായാണ് തീരദേശപാത പദ്ധതി നടപ്പാക്കുന്നത്. ഇപ്പോള്‍ നടക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ സര്‍ക്കാര്‍ കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന് കണ്ടറിയേണ്ടതുണ്ട്. ഇഴഞ്ഞു നീങ്ങുന്ന വികസ നയങ്ങളും സ്ഥലമേറ്റെടുപ്പിനെ തുടര്‍ന്നുണ്ടാകുന്ന വോട്ട് ബാങ്ക് താല്‍പര്യങ്ങളുമാണ് പദ്ധതിയെ പതിറ്റാണ്ടുകളായി ചുവപ്പു നാടയില്‍ തളച്ചിട്ടത്.
കേരള റോഡ് ഫണ്ട് ബോര്‍ഡാണ് (കെആര്‍എഫ്ബി) 468 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹൈവേ നിര്‍മിക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട തീരപ്രദേശങ്ങളെയും തുറമുഖങ്ങളെയും ബന്ധിപ്പിക്കുന്നതിന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ആരംഭിച്ച ഭാരത്മാല പദ്ധതിയുടെ കീഴിലാണ് ശേഷിക്കുന്ന 155 കിലോമീറ്ററില്‍ 120 കിലോമീറ്ററിന്റെ പ്രവര്‍ത്തനം . ബാക്കിയുള്ള 35 കിലോമീറ്ററിന്റെ പ്രവൃത്തി മറ്റ് പദ്ധതികളുടെ ഭാഗമായുമാണ് നടത്തുക.
അറബിക്കലിന് സമാന്തരമായി തിരുവനന്തപുരം പൊഴിയൂരില്‍ നിന്ന് തുടങ്ങി കാസര്‍കോഡ് കുഞ്ചത്തൂര്‍ വരെയാണ് തീരദേശ ഹൈവേ ആസൂത്രണം ചെയ്തിരിക്കുന്നത്.
പദ്ധതിക്ക് ആകെ വരുന്ന 6500 കോടി രൂപ വഹിക്കുന്നത് കിഫ്ബിയാണ്. 52 സ്ട്രച്ചിലായി 623 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഹൈവേ തിരുവനന്തപുരം , കൊല്ലം , ആലപ്പുഴ , എറണാകുളം , തൃശൂര്‍ , മലപ്പുറം , കോഴിക്കോട് , കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ 9 ജില്ലകളിലൂടെയാണ് കടന്നു പോകുക.
തീരദേശ ഹൈവേയില്‍ സൈക്കിള്‍ ട്രാക്കും ഫൂട്പാത്തും വിഭാവനം ചെയ്യുന്നതാണ് പദ്ധതി. ഇത് പൂര്‍ത്തിയാകുമ്പോള്‍, ഇന്ത്യയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ സൈക്കിള്‍ പാതയുടെ പൂര്‍ത്തീകരണം കൂടിയാകും. ഫോര്‍ട്ട് കൊച്ചിയേയും എറണാകുളത്തെ വൈപ്പിനേയും ബന്ധിപ്പിക്കുന്ന 2.5 കിലോമീറ്റര്‍ അണ്ടര്‍വാട്ടര്‍ ടണലും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും.
നിലവില്‍ മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്ന് റീച്ചുകളില്‍ രണ്ട് റീച്ചുകള്‍ ഇതിനോടകം പൂര്‍ത്തിയായി. കൂട്ടായി പടിഞ്ഞാറെക്കര മുതല്‍ ഉണ്ണിയാല്‍ വരെയുള്ള ഒന്നാം റീച്ചും താനൂര്‍ മുഹ് യുദ്ധീന്‍ പള്ളി മുതല്‍ ഒട്ടുംപുറം കെട്ടുങ്ങല്‍ പാലം വരെയുള്ള മൂന്നാം റീച്ചുമാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയായത്. ഉണ്ണിയാല്‍ മുതല്‍ മുഹ് യുദ്ധീന്‍ പള്ളി വരെയുള്ള രണ്ടാം ഘട്ട റീച്ചിന്റെ സ്ഥലമേറ്റെടുക്കല്‍ നടപടി ആരംഭിച്ചിട്ടുണ്ട്. വളവുകള്‍ നിര്‍ത്തുന്ന പണികളുല്‍പ്പടെ രണ്ടാം റീച്ചിലാണുള്ളത്. നിരവധി വീടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങി വാഴക്കത്തെരുവ് ഉള്‍പ്പടെയുള്ള പ്രദേശങ്ങളെ ഒഴിവാക്കിയാണ് രണ്ടാം റീച്ചിന്റെ പുതിയ അലൈമെന്റ്. കടലിനോടു ചേര്‍ന്നായിരിക്കും റോഡ്. താനൂര്‍ ഹാര്‍ബറില്‍ നിന്നും 1100 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഫ്‌ളൈഓവര്‍ നിര്‍മ്മിക്കാനും പദ്ധതിയിണ്ട്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയിലെ ബീച്ച് ടൂറിസം മേഖലയ്ക്ക് വലിയ മുതല്‍കൂട്ടായിരിക്കും.
അതേസമയം കടലോര മേഖലയില്‍ താമസിക്കുന്നവരുടെ ഭൂമിയില്‍ കല്ല് നാട്ടിയ നടപടിക്കെതിരെ പ്രദേശ വാസികള്‍ രംഗത്തെത്തി. താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് അലൈമെന്റ് തയ്യാറാക്കുന്നതെന്നും ഭൂമിയുടെ നഷ്ടപരിഹാരം സംബന്ധിച്ച് ആശങ്കയുണ്ടെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സ്ഥലമേറ്റെടുപ്പ് നടപടി സൂതാര്യമായാണ് നടക്കുന്നതെന്നും ഭൂമിയും കിടപ്പാടവും നഷ്ടമാകുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരവും ആവശ്യമായ പുനധിവാസവും നടത്തുമെന്ന് മന്ത്രി വി.അബ്ദുറഹ്‌മാന്‍ പറഞ്ഞു.
വീട് നഷ്ടമാകുന്ന എല്ലാവര്‍ക്കും 14 ലക്ഷത്തിലധികം രൂപ നല്‍കും. ഇതിനു പുറമെ വീടിന്റെയും ഭൂമിയുടെയും വില കണക്കാക്കിയും നഷ്ടപരിഹാരത്തുക നല്‍കും. 90 ഓളം വീടുകള്‍ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. 41 കോടി രൂപ സ്ഥലം ഏറ്റെടുക്കലിനു മാത്രമായി സര്‍ക്കാര്‍ പാസാക്കിയിട്ടുണ്ട്. സ്ഥലമേറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിച്ച് 2025 ഓടെ രണ്ടാം റീച്ചിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. ഒന്നാം റീച്ച് നിര്‍മ്മാണം ഊരാളുങ്കല്‍ സൗസൈറ്റിയും മൂന്നാം റീച്ച് മലബാര്‍ ടെക് കമ്പനിയുമാണ് നടത്തിയിരുന്നത്. രണ്ടാം റീച്ചിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാനിരിക്കുകയാണ്.