അവഗണനയുടെ തീരത്ത് തൂവല്‍തീരം; സുരക്ഷിത ടൂറിസം പ്രതീക്ഷിച്ച് സഞ്ചാരികള്‍
താനൂര്‍: ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ സുരക്ഷിത ടൂറിസം സാധ്യതകള്‍ പ്രതീക്ഷിച്ച് സഞ്ചാരികള്‍. മലപ്പുറം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വളരുകയായിരുന്ന തീവല്തീരത്ത് 22 ജീവനുകളെടുത്ത ബോട്ടപകടം ആഴത്തില്‍ കരിനിഴല്‍ വീഴ്ത്തി. ഈ സംഭവത്തെ തുടര്‍ന്ന് ഒട്ടുംപുറം തീരദേശത്തിന് മുമ്പുണ്ടായിരുന്ന പകിട്ട് ഇപ്പോഴില്ല. അതിനാല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് തൂവല്‍തീരത്തെ വീണ്ടെടുക്കണമെന്ന ആവശ്യം ഉയരുകയാണ്.
മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അതിര്‍ത്തി ജില്ലാ പ്രദേശങ്ങളില്‍ നിന്നും ഒഴിവുവേളകള്‍ ഉല്ലാസഭരിതമാക്കാന്‍ ആയിരകണക്കിനാളുകളാണ് കുടുംബസമേതവും തനിച്ചും തൂവല്‍തീരത്ത് എത്തുന്നത്. അവധി ദിവസങ്ങളിലെ സായന്തനങ്ങളില്‍ നല്ല തിരക്കാണ് ഇവിടെ അനുഭവപ്പെടാറ്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ അവഗണന നേരിടുകയാണ് തൂവല്‍തീരം ബീച്ച്. 2015 ല്‍ ഒരുക്കിയ സൗകര്യങ്ങളല്ലാതെ കൂടുതലൊന്നും ഇക്കാലയളവില്‍ ഒരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തൂവല്‍ തീരം തേടിയെത്തുന്നത് നിരവധി പേരാണ്. എന്നാല്‍ ഒരു ശുചിമുറി പോലുമില്ലെന്നതാണ് വസ്തുത. രാത്രി സമയങ്ങളില്‍ വെളിച്ചവും ഇല്ല. കാലങ്ങളായി ഒരു ടേക്ക് എ ബ്രേക്ക് കേന്ദ്രത്തിന് അപേക്ഷ നല്‍കിയെങ്കിലും ഇതുവരെയും സ്ഥാപിക്കാനായിട്ടില്ല. നിലവിലെ കെട്ടിടങ്ങളുടെയെല്ലാം മേല്‍ക്കൂരകള്‍ തകര്‍ന്ന നിലയിലാണ്.
ആവശ്യമായ സുരക്ഷാ മുന്‍കരുതലില്ലാതെ വരുത്തിവച്ച അപകടത്തിന്റെ മൂകത ഇന്നും ഇവിടെ നിന്നും വിട്ടു മാറിയിട്ടില്ല. ഒട്ടുംപുറം- കെട്ടുങ്ങല്‍ അഴിമുഖത്ത് നിന്ന് കടലുണ്ടിപുഴയിലൂടെയാണ് വിനോദസഞ്ചാര ബോട്ട് സര്‍വീസ് നടത്തി അപകടമുണ്ടായത്. സുരക്ഷാസംവിധാനങ്ങളില്ലാതെ നിയമവിരുദ്ധമായി സര്‍വീസ് നടത്തിയ ബോട്ട് അപകടത്തില്‍പ്പെട്ട് 22 ജീവനുകളായിരുന്നു പൊലിഞ്ഞത്.
മത്സ്യത്തൊഴിലാളികളുടെയും പൊതുസമൂഹത്തിന്റെയും ഭാഗത്ത് നിന്ന് ഏറെ വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വഴിവെച്ച സംഭവമായിരുന്നു ബോട്ടപകടം. തൂവല്‍തീരത്ത് കുറ്റമറ്റ സുരക്ഷാസംവിധാനങ്ങളോടെയും അടിസ്ഥാന സൗകര്യങ്ങളോടെയുമുള്ള ടൂറിസം സാധ്യതകള്‍ വളരെ വൈകാതെ തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സഞ്ചാരികള്‍.