ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് ചെയ്യാന്‍ തയ്യാറെടുക്കയാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ 3
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് ചെയ്യാന്‍ തയ്യാറെടുക്കയാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ 3. ചന്ദ്രയാന്‍ 2 ലാന്‍ഡിങ് ശ്രമിച്ചതിന് 100 കിലോമീറ്റര്‍ അകലെയാണ് ചന്ദ്രയാന്‍3 ഇറങ്ങാന്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ചന്ദ്രയാന്‍ 3 ലാന്‍ഡിങ്ങിന് ദക്ഷിണധ്രുവം തെരഞ്ഞെടുത്തത്. ചന്ദ്രന്റെ ദക്ഷിണധ്രുവം ശാസ്ത്രജ്ഞര്‍ക്കു വലിയ താല്‍പര്യമുള്ള മേഖലയാണ്. ദക്ഷിണധ്രുവത്തില്‍ പഠനം നടത്തുന്ന ആദ്യ രാജ്യമാകാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ചന്ദ്രന്റെ ഈ ഭാഗത്തേക്ക് ഇതുവരെ ഒരു ദൗത്യവും എത്തിയിട്ടില്ലയെന്നതാണ് പ്രത്യേകത.
ചന്ദ്രനിലെ സവിശേഷതയാര്‍ന്ന മേഖലയായ എയ്റ്റ്കിന്‍ ബേസിന്‍, 9.05 കിലോമീറ്റര്‍ പൊക്കമുള്ള എപ്സിലോണ്‍ കൊടുമുടി തുടങ്ങിയവയൊക്കെ ദക്ഷിണധ്രുവത്തിലാണ് സ്ഥിതിചെയ്യുന്നത്. ചന്ദ്രന്‍ ദക്ഷിണധ്രുവത്തില്‍ കൂടുതല്‍ ജലത്തിന്റെ സാന്നിധ്യം ഉണ്ടെന്നാണ് കരുതുന്നത്. ഈ ഭാഗത്തുള്ള ഗര്‍ത്തങ്ങളില്‍ ആദ്യകാല സൗരയൂഥത്തിന്റെ ശേഷിപ്പുകളും പ്രതീക്ഷിക്കുന്നുണ്ട്.
ഓരോ ദൗത്യത്തിലും വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാനാണ് ഐഎസ്ആര്‍ഒ എപ്പോഴും ശ്രമിക്കുന്നതെന്ന് ഐഎസ്ആര്‍ഒ മുന്‍ ഗ്രൂപ്പ് ഡയറക്ടര്‍ സുരേഷ് നായിക് പറയുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ ഒരു വശത്ത്, ഒരു വലിയ നിഴല്‍ പ്രദേശമുണ്ട്, മറുവശത്ത്, ധാരാളം കൊടുമുടികളുണ്ട്. ഈ കൊടുമുടികള്‍ സ്ഥിരമായി സൂര്യപ്രകാശത്തിന് കീഴിലാണ്. അതിനാല്‍, സമീപഭാവിയില്‍ ഒരു മനുഷ്യ കോളനി സ്ഥാപിക്കുന്നത് പ്രയോജനകരമായ ഒരു സ്ഥാനമാണ്. 2030-ഓടെ അവിടെ ഒരു മനുഷ്യ കോളനി സ്ഥാപിക്കാന്‍ ചൈന ഇപ്പോള്‍ തന്നെ ആലോചിക്കുന്നു. ചന്ദ്രനില്‍ ധാരാളം അമൂല്യ ധാതുക്കളും ലഭ്യമാണ്. അമൂല്യമായ ധാതുക്കളിലൊന്ന് ഹീലിയം -3 ആണ്, ഇത് മലിനീകരണ രഹിത വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സഹായിക്കുമെന്ന് സുരേഷ് നായിക് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു.
ചന്ദ്രയാന്‍ -3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഒരു റോവര്‍ വിന്യസിച്ചുകഴിഞ്ഞാല്‍, ചന്ദ്രനിലെ മണ്ണിന്റെയും പാറകളുടെയും ഘടനയെക്കുറിച്ച് കൂടുതലറിയാന്‍ 14 ദിവസത്തേക്ക് തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ നടത്തുമെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ പറഞ്ഞു.
1960കളില്‍, ആദ്യത്തെ അപ്പോളോ ലാന്‍ഡിംഗിന് മുമ്പ്, ചന്ദ്രനില്‍ ജലം നിലനില്‍ക്കുമെന്ന് ശാസ്ത്രജ്ഞര്‍ ഊഹിച്ചിരുന്നു. 2008ല്‍, ബ്രൗണ്‍ യൂണിവേഴ്സിറ്റി ഗവേഷകര്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് അപ്പോളോയുടെ ചാന്ദ്ര സാമ്പിളുകള്‍ വീണ്ടും പരിശോധിക്കുകയും ഹൈഡ്രജന്‍ കണ്ടെത്തുകയും ചെയ്തു. 2009-ല്‍ ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍-1 പേടകത്തിലെ നാസയുടെ ഉപകരണം ചന്ദ്രന്റെ ഉപരിതലത്തില്‍ ജലം കണ്ടെത്തിയിരുന്നു. 1998ലെ ലൂണാര്‍ പ്രോസ്‌പെക്ടര്‍, ദക്ഷിണധ്രുവത്തിലെ നിഴല്‍ ഗര്‍ത്തങ്ങ ളിലാണ് ഏറ്റവും കൂടുതല്‍ ജല ഹിമപാളികള്‍ ഉള്ളതെന്ന് തെളിവുകള്‍ കണ്ടെത്തിയിരുന്നു.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒമ്പത് ചാന്ദ്ര ദൗത്യങ്ങള്‍ വിവിധ രാജ്യങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും സുരേഷ് നായിക് പറയുന്നു. അമേരിക്കയും ചൈനയും ദക്ഷിണധ്രുവത്തിലേക്കുള്ള ദൗത്യങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.