ഇനിയുള്ള എട്ടു രാപ്പകലുകള്‍ തിരുവനന്തപുരം നഗരത്തില്‍ കൊട്ടും പാട്ടും ആട്ടവും; വൈദ്യുത ദീപാലങ്കാരം സ്വിച്ച് ഓണ്‍ നാളെ
ഓണം കൂടാന്‍ നഗരത്തിലെത്തുന്നവരുടെ കണ്ണും മനസും നിറയ്ക്കുന്ന ദീപ വിസ്മയങ്ങള്‍ നാളെ വൈകിട്ട് മിഴി തുറക്കും. ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിലും നഗരമൊന്നാകെയും പ്രകാശപൂരിതമാക്കുന്ന ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ചടങ്ങിന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. കവടിയാര്‍ മുതല്‍ മണക്കാട് വരെയും ശാസ്തമംഗലം വരെയുമുള്ള നഗരവീഥികള്‍ ഇനിയുള്ള ഒരാഴ്ചക്കാലം ദീപപ്രഭയാൽ വർണാഞ്ചിതമാകും.
ഇനിയുള്ള എട്ടു രാപ്പകലുകള്‍ തിരുവനന്തപുരം നഗരത്തില്‍ എവിടെയും കൊട്ടും പാട്ടും ആട്ടവും പൊടിപൊടിക്കും. തലസ്ഥാനത്തെ ഓണാഘോഷം ആവേശക്കൊടുമുടിയിലെത്തിക്കാന്‍ ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ 31 വേദികളിലായി 8,000 കലാപ്രതിഭകളാണ് അണിനിരക്കുന്നത്. കേരളത്തിന്റെ തനത് നാടന്‍ കലകള്‍ മുതല്‍ മെഗാ ഫ്യൂഷന്‍ സംഗീതം വരെ നിറഞ്ഞ് അക്ഷരാർഥത്തിൽ തലസ്ഥാനം കലാസ്ഥാനമാകും
വേദികളും കാഴ്ചകളും ഇങ്ങനെ…
കനകക്കുന്ന്
നഗരത്തിലെ ഓണാഘോഷ ആസ്ഥാനമായ കനകക്കുന്നിലെ അഞ്ചു വേദികളിലായി ഗംഭീര കലാവിരുന്നാണ് കാണികളെ കാത്തിരിക്കുന്നത്. പ്രധാന വേദിയായ നിശാഗന്ധിയില്‍ വിവിധ മലയാളം ടിവി ചാനലുകള്‍ നടത്തുന്ന മെഗാ ഷോ, പിന്നണി ഗായകരായ ബിജു നാരായണൻ, റിമി ടോമി ടീമൊരുക്കുന്ന സംഗീത നിശ, ലോക പ്രശസ്ത നർത്തകി മല്ലിക സാരാഭായിയും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടി, മലബാര്‍ മെഹന്ദിയുടെ സൂഫി നൃത്തം, ടിനി ടോം – കലാഭവന്‍ പ്രജോദ് സംഘം അവതരിപ്പിക്കുന്ന മെഗാ ഷോ, കൃഷ്ണ സുരേഷിന്റെ കുച്ചുപ്പുടി, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ ഫ്യൂഷന്‍ മ്യൂസിക്, കലാമണ്ഡലത്തിന്റെ മഴയൊലി നൃത്തം, ഷഹബാസ് അമന് അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യ,പ്രിയ അക്കൗട്ടിന്റെ ഭരതനാട്യം, ഹരിശങ്കറും സംഘവും അവതരിപ്പിക്കുന്ന ബാന്‍ഡ് എന്നിവയാണ് പ്രധാന ആകര്‍ഷണം.
തിരുവരങ്ങ്
കനകക്കുന്നിന്റെ കിഴക്കുഭാഗത്ത് തയ്യാറാക്കുന്ന തിരുവരങ്ങ് വേദിയില്‍ നാടന്‍ കലാരൂപങ്ങളാണ് പ്രധാന ആകര്‍ഷണം.
സോപാനം
നിശാഗന്ധിക്കും കനകക്കുന്ന് കൊട്ടാരത്തിനും ഇടയില്‍ തയ്യാറാക്കിയ സോപാനം വേദിയിലും നാടന്‍ കലകളാണ് അവതരിപ്പിക്കുക.
സൂര്യകാന്തി
കനകക്കുന്നില്‍ ഫുഡ് സ്റ്റോളിന് സമീപമുള്ള സൂര്യകാന്തി വേദിയില്‍ വിവിധ ട്രൂപ്പുകള്‍ അവതരിപ്പിക്കുന്ന ഗാനമേളയാണ് പ്രധാന പരിപാടി.
കനകക്കുന്ന് ഗേറ്റ്
കനകക്കുന്ന് ഗേറ്റില്‍ എത്തിയാല്‍ എല്ലാ ദിവസവും വൈകിട്ട് അഞ്ചു മണി മുതല്‍ വാദ്യമേളങ്ങളുടെ സമ്മേളനം ആസ്വദിക്കാം.
സെന്‍ട്രല്‍ സ്റ്റേഡിയം, തൈക്കാട് പോലീസ് പരേഡ് ഗ്രൗണ്ട്
മലയാളത്തിലെ പ്രമുഖ ദൃശ്യമാധ്യമങ്ങള്‍ അവതരിപ്പിക്കുന്ന സ്റ്റേജ് ഷോകള്‍ ആണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെയും തൈക്കാട് പോലീസ് പരേഡ് ഗ്രൗണ്ടിലെയും പ്രധാന ആകര്‍ഷണം.
പൂജപ്പുര
പ്രശസ്ത ഗായകരുടെ ഗാനമേളയാണ് പൂജപ്പുര വേദിയുടെ പ്രത്യേകത.
ഗ്രീന്‍ഫീല്‍ഡ്, കഴക്കൂട്ടം
ഗായത്രി, നിഷാദ്,പന്തളം ബാലന്,നജീം അര്‍ഷാദ്, രഞ്ജിനി ജോസ് തുടങ്ങിയവരുടെ ഗാനമേള.