ക്രിക്കറ്റിലും ഇനി റെഡ് കാര്‍ഡ്; സ്ലോ ഓവര്‍ റേറ്റിന് തടയിടാന്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ നിയമമാണ് റെഡ് കാര്‍ഡ്

സെന്‍റ് കിറ്റ്സ്: ഫുട്ബോള്‍ മാതൃകയില്‍ ക്രിക്കറ്റിലും റെഡ‍് കാര്‍ഡ് രംഗപ്രവേശം ചെയ്‌തിരിക്കുകയാണ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്- സെന്‍റ് കിറ്റ്സ്‌ മത്സരത്തിലാണ് അംപയര്‍ ചുവപ്പ് കാര്‍ഡ് കീശയില്‍ നിന്ന് പുറത്തെടുത്തത്. ഇതോടെ ട്രിന്‍ബാഗോയുടെ സ്റ്റാര്‍ സ്‌പിന്നര്‍ സുനില്‍ നരെയ്‌ന് മൈതാനത്തിന് പുറത്തുപോകേണ്ടിവന്നു. ടീമിന്‍റെ വീഴ്‌ചയ്‌ക്കാണ് ശിക്ഷാനടപടി എങ്കിലും സിപിഎല്ലില്‍ റെഡ് കാര്‍ഡ് കണ്ട് പുറത്താകുന്ന ആദ്യ താരം എന്ന നാണക്കേട് ഇതോടെ നരെയ്‌ന്‍റെ പേരിലായി.

സ്ലോ ഓവര്‍ റേറ്റിന് തടയിടാന്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ നിയമമാണ് റെഡ് കാര്‍ഡ്. നിയമം ഈ സീസണില്‍ നടപ്പാക്കുമെന്ന് സിപിഎല്‍ അധികൃതര്‍ ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്- സെന്‍റ് കിറ്റ്സ്‌ മത്സരത്തില്‍ അംപയര്‍ റെഡ് കാര്‍ഡ് പുറത്തെടുത്തു. കുറഞ്ഞ ഓവര്‍ നിരക്കിന് ട്രിന്‍ബാഗോ ടീമിനെതിരെയായിരുന്നു അംപയറുടെ നടപടി. ഇതോടെ സ്റ്റാര്‍ സ്‌പിന്നര്‍ സുനില്‍ നരെയ്‌നെ ബഞ്ചിലേക്ക് മടക്കിയയക്കാന്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ് നിര്‍ബന്ധിതനായി.