മന്ത്രിമാർ വേദിയിലിരിക്കെ സംസ്ഥാന സർക്കാരിനെതിരെ നടൻ ജയസൂര്യ നടത്തിയ വിമർശനങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് താരം

മന്ത്രിമാർ വേദിയിലിരിക്കെ സംസ്ഥാന സർക്കാരിനെതിരെ നടൻ ജയസൂര്യ നടത്തിയ വിമർശനങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് താരം. ചെറുപ്പക്കാർ കൃഷിയിലേക്ക് വരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അതിന്റെ കാരണങ്ങളാണ് വിശദീകരികരിച്ചതെന്നും മന്ത്രിമാർ കർഷകരുടെ ദുരിതം അറിയണമെന്നുണ്ടായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലെ ചർച്ച കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജയസൂര്യയെ അനുകൂലിച്ച് കെ.മുരളീധരൻ എംപിയും രംഗത്ത് വന്നു. മന്ത്രിമാർക്ക് സ്‌റ്റേജിൽ വച്ച് തന്നെ മറുപടി പറയാമായിരുന്നല്ലോ, അത് ചെയ്യാതെ എന്തിന് പത്രക്കാരോട് മാത്രം മറുപടി നൽകിയെന്ന് കെ.മുരളീധരൻ ചോദിക്കുന്നു. മന്ത്രി പി.രാജീവ് മാത്രമാണ് വേദിയിൽ വച്ച് മറുപടി നൽകിയത്. കൃഷ് മന്ത്രി പ്രസാദ് വേദിയിൽ മറുപടി നൽകിയിരുന്നില്ല.

കളമശ്ശേരിയിലെ കാർഷികോത്സവം വേദിയിലാണ് കർഷകർ നേരിടുന്ന ദുരനുഭവങ്ങൾ വിവരിച്ച് നടൻ ജയസൂര്യ സർക്കാരിനെതിരെ ആഞ്ഞടിച്ചത്. കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് എന്നിവർ വേദിയിലിരിക്കെയായിരുന്നു സംസ്ഥാന സർക്കാരിനെതിരായ വിമർശനം. പ്രശ്‌നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്താൻ തിരുവോണ ദിവസം പോലും നമ്മുടെ കർഷകർ ഉപവാസമിരിക്കേണ്ട അവസ്ഥയെന്ന് ജയസൂര്യ പറഞ്ഞിരുന്നു. കൃഷിക്കാരെന്ന നിലയിൽ എല്ലാം നല്ല രീതിയിൽ നടന്നുപോകുന്ന അച്ഛനെയും അമ്മയെയും അഭിമാനത്തോടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ ഉണ്ടെങ്കിലെ പുതിയ തലമുറ ഇതിലേക്കു വരൂ എന്നും പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നും ജയസൂര്യ ആവശ്യപെട്ടു. ജയസൂര്യയുടെ ആരോപണം കൃഷി മന്ത്രി പി പ്രസാദ് പൂർണമായും തള്ളി. കേരളം മാത്രമാണ് നെൽകർഷകർക്ക് ഇത്രയും സഹായം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.

മുൻപ് പിഡബ്ല്യുഡി റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ച് വകുപ്പ് മന്ത്രി വേദിയിൽ ഇരിക്കെ ജയസൂര്യ വിമർശിച്ചിരുന്നു.