കേന്ദ്രവുമായി ചര്‍ച്ചക്ക് തയ്യാറായി കര്‍ഷകര്‍.
ന്യൂഡൽഹി: ചർച്ചയിൽ പങ്കെടുക്കാനായി കർഷകർ മുന്നോട്ട് വെച്ച ഉപാധികൾ കേന്ദ്രം അംഗീകരിച്ചതോടെ കേന്ദ്രവുമായി ചര്‍ച്ചക്ക് തയ്യാറായി കര്‍ഷകര്‍. 35 കര്‍ഷക പ്രതിനിധികള്‍ ദല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. കോർഡിനേഷൻ കമ്മിറ്റിയെ ചർച്ചക്ക് വിളിക്കണമെന്നായിരുന്നു കർഷക സംഘടനകളുടെ ആവശ്യം.
ചർച്ചക്കായി കേന്ദ്ര സർക്കാർ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ നിയോഗിച്ചതായാണ് റിപ്പോർട്ട്. നിയമം പിൻവലിക്കാൻ സർക്കാർ തയ്യാറാകില്ലെങ്കിലും താങ്ങുവിലയുടെ കാര്യത്തിൽ ഉറപ്പ് നൽകാനാണ് തീരുമാനം. കർഷക പ്രക്ഷോഭത്തിൽ തീരുമാനമെടുക്കാൻ ഡൽഹിയിൽ ചേർന്ന ഉന്നതതലയോഗം അവസാനിച്ചു.
നേരത്തെ കേന്ദ്രം വിളിച്ച ചര്‍ച്ചയില്‍ 32 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ കഴിയൂ എന്നതായിരുന്നു നിലപാട്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കര്‍ഷക പ്രതിനിധികള്‍ അറിയിച്ചു. 500 ല്‍ അധികം സംഘങ്ങളുള്ളപ്പോള്‍ വെറും 32 സംഘങ്ങളെ മാത്രം ചര്‍ച്ചക്ക് വിളിക്കുന്നത് ശരിയല്ലെന്നാണ് കര്‍ഷകര്‍ അറിയിച്ചത്. കര്‍ഷക പ്രതിനിധികളായ 32 പേരും മറ്റ് മൂന്ന് പേരുമടക്കം 35 പേരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇവര്‍ ചര്‍ച്ചക്കായി സിംഗു അതിര്‍ത്തിയില്‍ നിന്നും പുറപ്പെട്ടു.
മോദി സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ ‘ഡൽഹി ചലോ’ മാർച്ച് കഴിഞ്ഞ ദിവസം വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് കർഷകർ ‘ഡൽഹി ചലോ’ പ്രക്ഷോഭത്തിന് എത്തിയിരിക്കുന്നത്. കർഷകർ ഡൽഹിയിലെത്തുമെന്ന്പ്രഖ്യാപിച്ചതോടെ ജന്തർ മന്തർ, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിൽ കൂടുതൽ കേന്ദ്രസേനയേയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.