‘തിരുവനന്തപുരത്ത് പാര്‍ക്കിംഗിന് അമിതനിരക്ക്’; നടപടികളുമായി കോർപ്പറേഷൻ
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ അമിത പാര്‍ക്കിംഗ് നിരക്കുകള്‍ ഈടാക്കുന്നതിനെതിരെ നടപടികളുമായി കോര്‍പ്പറേഷന്‍. പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ നടത്തുന്നതിനുള്ള ലൈസന്‍സ് കര്‍ശനമാക്കുക, അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കുക, ന്യായമായതും ഏകീകരിച്ചതുമായ പാര്‍ക്കിംഗ് നിരക്ക് ഏര്‍പ്പെടുത്തുക എന്നിവയാണ് പുതിയ നിയമാവലിയുടെ പ്രധാന ലക്ഷ്യമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.
പാര്‍ക്കിംഗ് ഫീസ് പിരിവ് സംബന്ധിച്ച് നിലവില്‍ ഒരു നിയമാവലി ഉണ്ടായിരുന്നെങ്കിലും ചുരുക്കം പേര്‍ മാത്രമാണ് ലൈസന്‍സ് നേടിയിട്ടുള്ളത്. ഇക്കാര്യങ്ങള്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കി കൊണ്ടാണ് പുതിയ നിയമാവലി തയ്യാറാക്കിയിട്ടുള്ളത്. ഇത് കര്‍ശനമായി നടപ്പാക്കാനാണ് കൗണ്‍സില്‍ തീരുമാനിച്ചിട്ടുള്ളത്. അതിനാവശ്യമായ നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു.
മേയര്‍ ആര്യാ രാജേന്ദ്രന്റെ കുറിപ്പ്: നഗരത്തില്‍ പലയിടത്തും പാര്‍ക്കിങ്ങിന്റെ പേരില്‍ കരാറുകാരും സ്വകാര്യപാര്‍ക്കിങ് കേന്ദ്രങ്ങളും പകല്‍ക്കൊള്ള നടത്തുന്നതായി നിരവധി പരാതികളാണ് നഗരസഭയ്ക്ക് കിട്ടിക്കൊണ്ടിരുന്നത്. നഗരപരിധിയിലെ മാളുകള്‍, വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍, സിനിമാ തിയറ്ററുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലടക്കമുള്ള സ്വകാര്യ പാര്‍ക്കിങ് കേന്ദ്രങ്ങളിലുള്‍പ്പെടെ വന്‍നിരക്കാണ് ഈടാക്കിയിരുന്നത്. അമിതമായ ഈ നിരക്കുകള്‍ നിയന്ത്രിക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ഇപ്പോള്‍ ഒരു നിയമാവലി തയ്യാറാക്കിയിരിക്കുകയാണ്. നിയമാവലിയുടെ കരട് 14.09.2023 കൗണ്‍സില്‍ അംഗീകരിച്ചു. നിയമാവലിയിന്മേലുള്ള ആക്ഷേപം പൊതുജനങ്ങള്‍ക്ക് 15 ദിവസത്തിനകം സമര്‍പ്പിക്കാം. പാര്‍ക്കിങ് കേന്ദ്രങ്ങള്‍ നടത്തുന്നതിനുള്ള ലൈസന്‍സ് കര്‍ശനമാക്കുക, അനധികൃത പാര്‍ക്കിങ് ഒഴിവാക്കുക, ന്യായമായതും ഏകീകരിച്ചതുമായ പാര്‍ക്കിങ് നിരക്ക് ഏര്‍പ്പെടുത്തുക എന്നിവയാണ് നിയമാവലിയുടെ പ്രധാന ലക്ഷ്യം.
കരാര്‍ നല്‍കിയാണ് മിക്കയിടങ്ങളിലും ഫീസ് പിരിക്കുന്നത്. പരാതിയുണ്ടാകുമ്പോള്‍ തങ്ങളല്ല ഫീസ് പിരിക്കുന്നതെന്ന ന്യായം പറഞ്ഞ് കെട്ടിട ഉടമകളും നടത്തിപ്പുകാരും കൈ ഒഴിയുകയാണ് പതിവ്. കെട്ടിടത്തിന്റെ തറ വിസ്തീര്‍ണത്തില്‍ കൂടുതല്‍ സ്ഥലമുണ്ടെങ്കില്‍ ഫീസ് പിരിക്കാന്‍ കോര്‍പറേഷന്റെ അനുവാദം വാങ്ങണമെന്ന ചട്ടവും പലപ്പോഴും പാലിക്കപ്പെടുന്നില്ല എന്നതും ശ്രദ്ധയില്‍ പെട്ടിരുന്നു. പാര്‍ക്കിങ് ഫീസ് പിരിവു സംബന്ധിച്ച് നിലവില്‍ ഒരു നിയമാവലി ഉണ്ടായിരുന്നെങ്കിലും ചുരുക്കം പേര്‍ മാത്രമാണ് ലൈസന്‍സ് നേടിയിട്ടുള്ളത്. ഇക്കാര്യങ്ങള്‍ ആകെ വിശദമായ പരിശോധകള്‍ക്ക് വിധേയമാക്കിക്കൊണ്ടാണ് പുതിയ നിയമാവലി തയാറാക്കിയിട്ടുള്ളത്. ഇത് കര്‍ശനമായി നടപ്പാക്കാനാണ് കൗണ്‍സില്‍ തീരുമാനിച്ചിട്ടുള്ളത്. അതിനാവശ്യമായ നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.
നഗരവികസനം മികവുറ്റ നിലയില്‍ മുന്നോട്ട് പോകുന്ന ഘട്ടത്തില്‍ എല്ലാ മേഖലയിലും നീതിയുക്തമായ സേവനം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നു എന്നുറപ്പാക്കേണ്ടത് അത്യാവശ്യമായ ഒന്നാണെന്നാണ് ഭരണസമിതിയുടെ കാഴ്ചപ്പാട്. അത് നഗരത്തിലെ വാഹനപാര്‍ക്കിങ്ങിലും ഉറപ്പ് വരുത്തേണ്ടതുണ്ട്. സ്ഥലപരിമിതി നമുക്ക് മുന്നില്‍ ഒരു പ്രതിസന്ധി ആണെന്ന യാഥാര്‍ഥ്യബോധത്തോടെ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കാനുള്ള എല്ലാ പരിശ്രമവും നഗരസഭ നടത്തുന്നുണ്ട്. സ്വകാര്യ പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ അമിതനിരക്ക് ഈടാക്കുന്നത് ഈ സ്ഥലപരിമിതി മുതലെടുത്താണ് എന്നതാണ് വസ്തുത. അതിനാണ് ഈ നിയമാവലിയോടെ അവസാനമാകുന്നത്. ‘ മികവുള്ള സേവനവും മികവാര്‍ന്ന വികസനവുമാണ് ‘നമ്മുടെ ലക്ഷ്യം.