സൗദിയിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നതും പുറത്തുവിടുന്നതും ഇനി മുതൽ ക്രിമിനൽ കുറ്റമായി കണക്കാക്കും

റിയാദ്: സൗദി അറേബ്യയിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നതും പുറത്തുവിടുന്നതും ഇനി മുതൽ ക്രിമിനൽ കുറ്റമായി കണക്കാക്കും. വ്യക്തികളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവർ ശക്തമായ ശിക്ഷാനടപികൾ നേരിടേണ്ടി വരും. 2021 ൽ മന്ത്രിസഭ അംഗീകരിച്ച നിയമമാണ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നത്. വിവിധ ആവശ്യങ്ങൾക്കായി ശേഖരിക്കുന്ന വ്യക്തികളുടെ സ്വകാര്യവിവരങ്ങളാണ് ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിെൻറ പരിധിയിൽ വരുന്നത്.

വിവിധ ഇവൻറുകൾ, സമ്മേളനങ്ങൾ, പാർട്ടികൾ തുടങ്ങിയ പരിപാടികളിലും മറ്റും ശേഖരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങൾ, വീഡിയോ, വ്യക്തി വിവരങ്ങളടങ്ങിയ ടെക്സ്റ്റുകൾ എന്നിവയെല്ലാം വ്യക്തികളെ ബാധിക്കുന്ന സ്വകാര്യ വിവരങ്ങളാണ്. ഇവ മറ്റുള്ളവർക്ക് കൈമാറുന്നതും പുറത്തുവിടുന്നതും നശിപ്പിക്കുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കും. വ്യാപാര സ്ഥാപനങ്ങളിലും ആശുപത്രികളിലും മറ്റും വിവിധ സാഹചര്യങ്ങളിൽ ശേഖരിക്കുന്ന വ്യക്തികളുടെ ഫോൺ നമ്പറുകൾ, ഫോട്ടോകൾ, സിസിടിവി ദൃശ്യങ്ങളുൾപ്പടെയുള്ള വീഡിയോകൾ, പേപ്പർ രൂപത്തിലോ ഇലക്ട്രോണിക് രൂപത്തിലോ സൂക്ഷിച്ചുവെച്ചിരുക്കുന്ന വിവരങ്ങൾ തുടങ്ങിയവ മറ്റുള്ളവർക്ക് കൈമാറുന്നതും ഈ ഗണത്തിൽപ്പെടും.

ആശുപത്രികളിൽ നിന്ന് രോഗികളുടെ വിവരങ്ങൾ മരുന്ന് കമ്പനികൾക്ക് കൈമാറുക, സർക്കാർ സ്ഥാപനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ പകർപ്പെടുക്കുക, ക്രഡിറ്റ് വിവരങ്ങൾ, പൊലീസ്, ക്രിമിനൽ വിവരങ്ങൾ തുടങ്ങിയവയുടെ കൈമാറ്റം എന്നിവയെല്ലാം ഡാറ്റ സംരക്ഷണ നിയത്തിൻറെ ലംഘനങ്ങളാണ്. കനത്ത പിഴയുൾപ്പെടെയുള്ള ശിക്ഷയാണ് ഇത്തരം നിയമലംഘനങ്ങൾക്ക് ലഭിക്കുക. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷൽ ഇൻറലിജൻസ് അതോറ്റിയുമായി ചേർന്നാണ് ഡാറ്റ പ്രൊട്ടക്ഷൻ സംവിധാനം നടപ്പാക്കുന്നത്. 2021 സെപ്തംബറിലാണ് മന്ത്രിസഭ ഡാറ്റ സംരക്ഷണ നിയമത്തിന് അംഗീകാരം നൽകിയത്.