കുട്ടികളുടെ യാത്രാ നിരക്ക് വർധിപ്പിച്ച ശേഷം റെയിൽവേ നേടി‌യത് കോടികൾ!, ഏഴു വർഷത്തെ കണക്കുകൾ പുറത്തുവിട്ടു

ദില്ലി: കുട്ടികളുടെ യാത്രാ നിരക്ക് വർധിപ്പിച്ച ശേഷം കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇന്ത്യൻ റെയിൽവേയ്ക്ക് 2,800 കോടി രൂപ അധിക വരുമാനം ലഭിച്ചു. വിവരാവകാശ പ്രകാരം ചോദിച്ച ചോദ്യത്തിനാണ് റെയിൽവേ ഇക്കാര്യം വ്യക്തമാക്കിയത്. 2022-23 സാമ്പത്തിക വർഷം മാത്രം 560 കോടി രൂപ അധികം നേടിയതായി റെയിൽവേ അറിയിച്ചു. 2016 മാർച്ച് 31നാണ് 5 വയസ്സിനും 12 വയസ്സിനു ഇടയിലുള്ള കുട്ടികൾക്കും പ്രത്യേക ബർത്തുകളോ സീറ്റുകളോ റിസർവ് ചെയ്യണമെങ്കിൽ മുതിർന്നവരുടെ മുഴുവൻ നിരക്കും ഈടാക്കുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചത്. പുതുക്കിയ മാനദണ്ഡം 2016 ഏപ്രിൽ 21 മുതൽ പ്രാബല്യത്തിൽ വന്നു.

നേരത്തെ, 5 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പകുതി നിരക്കിലാണ് റെയിൽവേ പ്രത്യേക ബെർത്ത് നൽകിയിരുന്നത്. പ്രസ്തുത പ്രായത്തിലുള്ള കുട്ടികൾക്ക് പകുതി നിരക്കിൽ യാത്ര ചെയ്യാൻ പുതുക്കിയ മാനദണ്ഡത്തിൽ അനുവാദമുണ്ടെങ്കിലും അവർക്ക് പ്രത്യേക ബെർത്തുകളോ സീറ്റുകളോ ലഭിക്കില്ല. അവർ ഒപ്പം യാത്ര ചെയ്യുന്ന മുതിർന്നവരുടെ സീറ്റിലിരിക്കണമെന്നാണ് നിയമം.

2016-17 സാമ്പത്തിക വർഷം മുതൽ 2022-23 വരെയുള്ള രണ്ട് വിഭാഗത്തിലുള്ള കുട്ടികളുടെ യാത്രാനിരക്കിന്റെ ഓപ്‌ഷനുകളെ അടിസ്ഥാനമാക്കി വർഷം തിരിച്ചുള്ള വിവരവും പുറത്തുവിട്ടു. ഏഴു വർഷത്തിനിടെ 3.6 കോടി കുട്ടികൾ പകുതി നിരക്കിൽ യാത്ര ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, 10 കോടിയിലധികം കുട്ടികൾ പ്രത്യേക ബെർത്ത്/സീറ്റ് തിരഞ്ഞെടുക്കുകയും മുഴുവൻ യാത്രാക്കൂലി നൽകുകയും ചെയ്തു.

യാത്ര ചെയ്യുന്ന മൊത്തം കുട്ടികളിൽ 70 ശതമാനത്തോളം പേരും മുഴുവൻ യാത്രാക്കൂലിയും നൽകി ബർത്തോ സീറ്റോ സ്വന്തമാക്കി യാത്ര ചെയ്തെന്നും പറയുന്നു. മാനദണ്ഡങ്ങൾ പരിഷ്കരിച്ചത് റെയിൽവേയ്ക്ക് വലിയ നേട്ടമായെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.