വോട്ടിങ് യന്ത്രം, കൺട്രോൾ യൂണിറ്റ് പോസ്റ്റൽ ബാലറ്റ്; എല്ലാം ഒറിജിനലിന് തുല്യം, ​കുരുന്നുകൾ പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രക്രിയ പ്രശംസ പിടിച്ചുപറ്റി

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ മാതൃകയിൽ ഇവിഎം, പോസ്റ്റൽ ബാലറ്റ്, കൗണ്ടിംഗ്, ഫലപ്രഖ്യാപനം തുടങ്ങി ഒരു പാെതു തെരഞ്ഞെടുപ്പിൽ നടത്തുന്ന ക്രമീകരണങ്ങൾ എല്ലാം ഒരുക്കി കുരുന്നുകൾ പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രക്രിയ പ്രശംസ പിടിച്ചുപറ്റി. വിഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയ എൽപി സ്കൂളിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സ്കൂൾ ലീഡറെ തെരഞ്ഞെടുക്കാൻ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വോട്ടു രേഖപ്പെടുത്തുവാനുള്ള അവകാശം നൽകി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ മാതൃകയിൽ ഇവിഎം, കൺട്രോൾ യൂണിറ്റ് തയ്യാറാക്കിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഇതിനായി ഉപയോഗിച്ചു. ഇതിലൂടെ ജനാധിപത്യത്തിന്റെ നാഴികകല്ലായ തെരഞ്ഞെടുപ്പ് സംവിധാനവും അതിൻറെ രീതികളും വിവിധ ഘട്ടങ്ങളും ഭാവിതലമുറയായ വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. നാല് പേർ മത്സരിച്ച സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ 149 കുട്ടികൾ വോട്ട് രേഖപ്പെടുത്തി. ഉദ്വേഗജനകമായ വോട്ടെണ്ണൽ പ്രക്രിയ അവസാനിച്ചപ്പോൾ 46 വോട്ട് നേടിയ മുർഷിദ സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാർത്ഥിനിയായ മുനീറയാണ് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.

നാമനിർദേശ പത്രിക സമർപ്പണവും തെരഞ്ഞെടുപ്പ് പ്രചരണവും തുടർന്ന് നടന്ന വോട്ടെടുപ്പ് പ്രക്രീയകളും കുരുന്നുകൾക്ക് നവ്യാനുഭവമായി. പ്രിസൈഡിംഗ് ഓഫീസർ മുതൽ പോളിംഗ് അസിസ്റ്റന്റ് വരെയുള്ള ഔദ്യോഗിക കർത്തവ്യങ്ങൾ കുട്ടികൾ തന്നെയാണ് നിർവഹിച്ചത്. ജനാധിപത്യത്തിന് കരുത്ത് പകരാൻ ഉതകുന്ന രീതിയിൽ കുരുന്നുകൾക്ക് തെരഞ്ഞെടുപ്പിന്റെ വീറും വാശിയും തെരഞ്ഞെടുപ്പ് പ്രക്രിയയും പരിചയപ്പെടുത്താൻ മുൻ കൈ എടുത്തത് വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ എൽ പി സ്കൂളിലെ പ്രഥമാധ്യാപകനടക്കമുള്ള അധ്യാപകരും പി.ടി.എ. കമ്മിറ്റിയുമാണ്