മണിപ്പൂരിൽ കൂടുതൽ സൈനികർ; ആയുധങ്ങള്‍ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ ശക്തമായ നടപടി

ഇംഫാല്‍: സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ അർധസൈനിക വിന്യാസം കൂട്ടി. 400 അധിക കമ്പനി സേനയെ മണിപ്പൂരിൽ എത്തിച്ചു. അധികകമായി ബിഎസ്എഫ്, സിആര്‍പിഎഫ് സംഘത്തെയാണ് കഴിഞ്ഞ മൂന്നു ദിവസത്തിനിടെയായി മണിപ്പൂരിലെ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലകളിലായി വിന്യസിച്ചത്. ചുരാചന്ദ്പുരിലെ ബിഎസ്എഫിന്‍റെ ക്യാമ്പ് താല്‍ക്കാലിക ജയിലാക്കി മാറ്റാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനിടെയാണ് മേഖലയിലേക്ക് കൂടുതല്‍ സൈനികരെ എത്തിച്ചിരിക്കുന്നത്. മെയ് മുതല്‍ ഇരു സമുദായങ്ങള്‍ക്കിടയിലാരംഭിച്ച സംഘര്‍ഷത്തെതുടര്‍ന്ന് മണിപ്പൂരിലെ രണ്ടു സ്ഥിരം ജയിലുകളിലും കസ്റ്റഡയിലെടുക്കുന്നവരെ പാര്‍പ്പിക്കാന്‍ സ്ഥലമില്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജയിലുകളില്‍ ആളുകള്‍ നിറഞ്ഞതോടെയാണ് ബിഎസ്എഫിന്‍റെ ക്യാമ്പ് താല്‍ക്കാലിക ജയിലാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

1984ലെ ജയില്‍ നിയമ പ്രകാരമാണ് ചുരാചന്ദ്പുരിലെ ബിഎസ്എഫിന്‍റെ ട്രെയിനിങ് സെന്‍റര്‍ പരിസരം താല്‍ക്കാലിക ജയിലാക്കികൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപനം വരുന്നത്. ജയിലാക്കുന്നതിനുള്ള പ്രവൃത്തിയും ഇന്നലെ ആരംഭിച്ചിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ മോഷ്ടിച്ച ആയുധങ്ങള്‍ തിരിച്ചേല്‍പ്പിക്കണമെന്ന് സായുധ സംഘങ്ങളോട് മുഖ്യമന്ത്രി ബിരെന്‍ സിങ് ആവശ്യപ്പെട്ടിരുന്നു. സമയപരിധിക്കുള്ളില്‍ ആയുധങ്ങള്‍ തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍ അവ പിടിച്ചെടുക്കാന്‍ കേന്ദ്ര സേനയും സംസ്ഥാന പോലീസും നേരിട്ടിറങ്ങുമെന്നുമാണ് മുന്നറിയിപ്പ്. മെയ്, ജൂണ്‍ മാസങ്ങളിലായി തോക്കുകള്‍ ഉള്‍പ്പെടെ 5,668 ആയുധങ്ങളാണ് സര്‍ക്കാര്‍ ആയുധപ്പുരയില്‍നിന്ന് മോഷ്ടിക്കപ്പെട്ടത്. ഇതില്‍ 1,329 ആയുധങ്ങള്‍ മാത്രമാണ് പോലീസിന് തിരിച്ചെടുക്കാനായത്. രണ്ടാഴ്ചക്കുള്ളില്‍ ആയുധങ്ങള്‍ തിരിച്ചേല്‍പ്പിക്കുന്നവര്‍ക്കെതിരായ നടപടികള്‍ ലഘൂകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

രണ്ടു വിമാനങ്ങളിലായാണ് കൂടുതല്‍ സൈനികരെ പലദിവസങ്ങളിലായി മണിപ്പൂരിലെത്തിച്ചത്. അടുത്ത 13 ദിവസത്തിനുള്ളില്‍ കൂടുതല്‍ സേനയെ ഉപയോഗിച്ച് ക്രമസമാധാനം പുനസ്ഥാപിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാനിരിക്കെ ഇപ്പോഴുള്ള ജയിലുകളില്‍ ആളുകളെ പാര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് താല്‍ക്കാലിക ജയില്‍ ഒരുക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. മണിപ്പൂരിലെ സജിവ സെന്‍ട്രല്‍ ജയിലില്‍ ആകെ 850 തടവുകാരെയാണ് പാര്‍പ്പിക്കാനാകുക. ഇപ്പോള്‍ 700പേരാണ് ഇവിടെയുള്ളത്. ഇംഫാലിലെ വനിത ജയിലില്‍ 350 തടവുകാരെയാണ് പാര്‍പ്പിക്കാനാകു. ഇതില്‍ നിലവില്‍ 115 പേരാണുള്ളത്. കലാപത്തിന് മുമ്പ് സെന്‍ട്രല്‍ ജയിലില്‍ 100താഴെ തടവുകാരുണ്ടായ സ്ഥാനത്താണ് നാലരമാസത്തിനിടെ തടവുകാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായത്.താല്‍ക്കാലിക ജയിലിന്‍റെ നടത്തിപ്പു ചുമതല സംസ്ഥാന സര്‍ക്കാരിനായിരിക്കും. കേന്ദ്ര, സംസ്ഥാന സുരക്ഷ സേനകള്‍ ചേര്‍ന്നായിരിക്കും സുരക്ഷ ഒരുക്കുക.

ഇതിനിടെ, കലാപത്തിൽ കൊല്ലപ്പെട്ടതിൽ തിരിച്ചറിയാനുള്ള 96 മൃതദേഹങളുടെ പട്ടിക പ്രസിദ്ധീകരിക്കാൻ മണിപ്പൂർ സർക്കാരിന് സുപ്രീം കോടതി സമിതി നിർദ്ദേശം നല്‍കി. ബന്ധുക്കൾക്ക് മൃതദേഹം തിരിച്ചറിയാനാണ് നടപടി. അവകാശികൾ എത്താത്ത മൃതദേഹങ്ങൾ സർക്കാർ ചെലവിൽ സംസ്ക്കരിക്കാൻ നടപടി സ്വീകരിക്കാനും സമിതിയുടെ നിര്‍ദേശമുണ്ട്. സമിതിയുമായി സഹകരിച്ച് മറ്റു നടപടികൾ മുന്നോട്ടു പോകുന്നുവെന്നും സർക്കാർ സുപ്രീം കോടതിയിൽ നൽകിയ മറുപടിയിൽ പറയുന്നു. മെയ് മൂന്ന് മുതല്‍ മെയ്തേയി-കുക്കി വിഭാഗങ്ങള്‍ തമ്മിലാരംഭിച്ച സമുദായ സംഘര്‍ഷത്തിലായി ഇതുവരെ 176ലധികം പേരാണ് കൊല്ലപ്പെട്ടത്.