കുട്ടികളെ നോക്കാമെങ്കില്‍ 80 ലക്ഷം രൂപ ശമ്ബളം നല്‍കാം; വാഗ്ദാനവുമായി ശത കോടീശ്വരൻ വിവേക് രാമസ്വാമി, യോഗ്യതകള്‍ ഇവയാണ്
വാഷിംഗ്‌ടണ്‍: അമേരിക്കയിലെ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും ശതകോടീശ്വരനുമായ വിവേക് രാമസ്വാമി കുട്ടികളെ നോക്കാൻ ആയയെ തേടുന്നു.
എണ്‍പതുലക്ഷം രൂപയാണ് ആയയ്ക്ക് ശമ്ബളമായി വാഗ്ദാനം ചെയ്യുന്നത്. കുടുംബം മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ എല്ലാം പാലിക്കുന്നവര്‍ക്ക് മാത്രമായിരിക്കും നിയമനം നല്‍കുക. 26 ആഴ്ചയിലെ ജോലിക്കാണ് എണ്‍പതുലക്ഷം ശമ്ബളം നല്‍കുന്നത്. അതിസമ്ബര്‍ക്ക് മാത്രം സേവനം നല്‍കുന്ന വെബ്സൈറ്റിലാണ് ആയയ്ക്കുവേണ്ടിയുള്ള പരസ്യം വിവേക് രാമസ്വാമി നല്‍കിയിരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ ആഴ്ചയില്‍ 84 മണിക്കൂര്‍ മുതല്‍ 96 മണിക്കൂര്‍ വരെ ജോലിചെയ്യണം. ഇതിനുശേഷം ഒരാഴ്ച അവധി എടുക്കാം. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും ബുദ്ധിവികാസത്തിനും കാര്യമായ സംഭാവന നല്‍കാൻ കഴിയുന്ന ആളായിരിക്കണം ആയ എന്നതാണ് പ്രധാന യോഗ്യത. ഇതിനൊപ്പം വീട്ടിലെ ഷെഫ്, മറ്റ് ആയമാര്‍, ഹൗസ് കീപ്പര്‍മാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രശ്നങ്ങളൊന്നുമില്ലാതെ യോജിപ്പിച്ചുകൊണ്ടുപോകാൻ കഴിയുന്ന വ്യക്തിയുമായിരിക്കണം. സ്വകാര്യ വിമാനത്തില്‍ കുട്ടികള്‍ക്കൊപ്പം നിരന്തരം സഞ്ചരിക്കാൻ തയ്യാറായിരിക്കണം. ആഴ്ചയിലൊരിക്കലെങ്കിലും കുട്ടികളുമൊത്തുള്ള യാത്ര ഉറപ്പാണ്.
ഭക്ഷണം പാകം ചെയ്യാൻ വീട്ടില്‍ ജീവനക്കാര്‍ വേറെ ഉണ്ടെങ്കിലും അവശ്യഘട്ടത്തില്‍ പാകംചെയ്യാനും തയ്യാറാവണം. വെജിറ്റേറിയൻ വിഭവങ്ങള്‍ പാകംചെയ്യാൻ അറിയുകയും വേണം. വിവേക് രാമസ്വാമി പൂര്‍ണ വെജിറ്റേറിയനാണ്. 21 വയസ് തികഞ്ഞതും കുട്ടികളെ നോക്കി നല്ല തഴക്കവും പഴക്കവും ഉള്ള ആര്‍ക്കും അപേക്ഷ അയയ്ക്കാം. യോഗ്യതകള്‍ ഉള്‍പ്പടെയുള്ളതെല്ലാം പരിശോധിച്ചശേഷമായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ശമ്ബളത്തിനൊപ്പം മറ്റ് ആനുകൂല്യങ്ങളും ഉറപ്പായും ലഭിക്കും.
വെബ്‌സൈറ്റില്‍ വിവേക് രാമസ്വാമിയുടെ പേരിലല്ല ജോലി ലിസ്റ്റ്‌ചെയ്തിരിക്കുന്നത്. എന്നാല്‍ അതില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വച്ചുനോക്കുമ്ബോള്‍ വിവേക് രാമസ്വാമിയുടേതാണെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യേല്‍ യൂണിവേഴ്സിറ്റിയില്‍ ഒരുമിച്ച് പഠിച്ച അപൂര്‍വയാണ് വിവേകിന്റെ ഭാര്യ. മൂന്നരവയസും ഒരുവയസുമുള്ള രണ്ട് ആണ്‍കുട്ടികളാണ് ഇവര്‍ക്ക്.