കായംകുളത്ത് വാട്ടര്‍ അതോറിറ്റി ഡിവിഷൻ ഓഫിസ്
കായംകുളം: കായംകുളം കേന്ദ്രമാക്കി വാട്ടര്‍ അതോറിറ്റിയുടെ ഡിവിഷൻ ഓഫിസ് അനുവദിച്ച് ഉത്തരവായതായി അഡ്വ. യു. പ്രതിഭ എം.എല്‍.എ അറിയിച്ചു.
നാല് ലക്ഷത്തില്‍പരം കുടിവെളള കണക്ഷനുകളുള്ള ആലപ്പുഴ വാട്ടര്‍ അതോറിറ്റിയുടെ ഡിവിഷൻ ഓഫിസ് വിഭജിച്ച് തിരുവല്ല ഡിവിഷന്‍റെ കീഴിലുള്ള എടത്വ സബ് ഡിവിഷനും മാവേലിക്കര, കായംകുളം സബ്ബ് ഡിവിഷൻ ഓഫിസുകളും കൂട്ടിച്ചേര്‍ത്താണ് പുതിയ ഡിവിഷൻ രൂപവത്കരിച്ചത്.
കായംകുളത്ത് വാട്ടര്‍ അതോറിറ്റിക്ക് ഇതിനായി മതിയായ സ്ഥല സൗകര്യങ്ങള്‍ ഉണ്ട്. ആലപ്പുഴ പി.എച്ച് ഡിവിഷന്‍റെ പരിധിയില്‍ അഞ്ച് താലൂക്കുകളിലായി 57 ഗ്രാമ പഞ്ചായത്തുകളും ആറ് നഗരസഭകളുമാണുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെ െഡപ്പോസിറ്റ്പ്രവൃത്തികളും ആലപ്പുഴ ഡിവിഷനിലാണ് ഇതുവരെ ചെയ്തിരുന്നത്. കുടിവെള്ള കണക്ഷനുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജോലി ഭാരം ഏറെയായിരുന്നു. ഇത് റവന്യൂ സംബന്ധിച്ച പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ച പശ്ചാത്തലത്തില്‍ ഡിവിഷൻ വിഭജനം ഇതിന് പരിഹാരമാകും.
വിതരണ ശൃംഖലകളില്‍ ഭൂരിഭാഗവും കാലപ്പഴക്കമുള്ള പൈപ്പുകളായതിനാല്‍ അറ്റകുറ്റപ്പണിയും വളരെ കൂടുതലാണ്. ഇത് ആലപ്പുഴ ഡിവിഷന്‍റെ ജോലിഭാരം കൂട്ടിയിരുന്നു. ഇത്രയും വിപുലമായ പ്രദേശത്ത് ജനങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കുന്നതിനും സമയബന്ധിതമായി പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതിനും നിലവില്‍ ഏറെ ബുദ്ധിമുട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കായംകുളം കേന്ദ്രമാക്കി പുതിയ ഡിവിഷൻ രൂപവത്കരിക്കണം എന്ന് കാട്ടി യു. പ്രതിഭ എം.എല്‍.എ സര്‍ക്കാറില്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് അനുമതി.
പുതിയ സംവിധാനത്തില്‍ എക്സി എൻജിനീയര്‍, ടെക്നിക്കല്‍ അസിസ്റ്റന്‍റ്, ഡിവിഷനല്‍ അക്കൗണ്ട്സ് ഓഫിസര്‍, ജൂനിയര്‍ സൂപ്രണ്ട്, ക്ലര്‍ക്ക് (നാല് ), ഡ്രാഫ്റ്റ്സ്മാൻ ഗേഡ് I (മൂന്ന് ), ടൈപ്പിസ്റ്റ്, ഓഫിസ് അറ്റന്‍റൻഡ് (രണ്ട്), ഡ്രൈവര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ ജീവനക്കാരെയും അനുവദിച്ചിട്ടുണ്ട്.