എഐ അടിസ്ഥാനമാക്കിയുള്ള തട്ടിപ്പ് തടയാൻ കേരള പോലീസ് പുതിയ ടൂള്‍കിറ്റ് വാങ്ങുന്നു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള തട്ടിപ്പ് കണ്ടെത്തുന്നതിനും തടയുന്നതിനും ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള സി-ഡാക് വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ കേരള പോലീസ് വാങ്ങും.

രാജ്യത്ത് വര്‍ധിച്ചുവരുന്ന ‘ഡീപ് ഫേസ് ടെക്‌നോളജി’ തട്ടിപ്പുകള്‍ കണക്കിലെടുത്താണ് സോഫ്‌റ്റ്‌വെയര്‍ ഏറ്റെടുക്കുന്നതെന്ന് സൈബര്‍ ഓപ്പറേഷൻസ് എസ്പി എസ് ഹരിശങ്കര്‍ പറഞ്ഞു. എഐഉപയോഗിച്ച്‌ നിര്‍മ്മിച്ച അശ്ലീല ഫോട്ടോകള്‍ ഉപയോഗിച്ച്‌ ആളുകളെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന കേസുകളും കുതിച്ചുയരുകയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തട്ടിപ്പ് നടത്തിപ്പുകാര്‍ അയക്കുന്ന സന്ദേശങ്ങളും ഇമെയിലുകളും ലിങ്കുകളും ഫോണില്‍ ലഭിച്ചാലുടൻ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സൗകര്യം ഏര്‍പ്പെടുത്താനാണ് കേരള പോലീസ് ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നത്.