അമ്ബലനടയില്‍ ഉണ്ടുറങ്ങിയ രജിത ഇനി പെരുമ്ബാവൂരിന്റെ മകള്‍; സംരക്ഷണം ഏറ്റെടുത്ത് സന്നദ്ധ സംഘടന
പെരുമ്ബാവൂര്‍: ഒരു ചെറു പുഞ്ചിരിയോടെ, വലിയജീവിത പ്രതിസന്ധികളെ അതിജീവിച്ച് പെരുമ്ബാവൂര്‍ മാര്‍ത്തോമാ വനിതാ കോളേജ് യൂണിയൻ ചെയര്‍പേഴ്‌സണായി മാറിയ എ.എല്‍.രജിതയ്ക്ക് അഭയമൊരുക്കാൻ ‘നിര്‍ഭയം പെരുമ്ബാവൂര്‍’. പെരുമ്ബാവൂരിലെ സന്നദ്ധ സംഘടനയാണിത്. മേതല കല്ലില്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ മന്ത്രി പി. രാജീവ്, ‘നിര്‍ഭയം പെരുമ്ബാവൂര്‍’ രജിതയെ പെരുമ്ബാവൂരിന്റെ മകളായി അംഗീകരിച്ച് പഠനച്ചെലവും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു.
ജീവിതത്തിന്റെ കഠിനമായ വെല്ലുവിളികള്‍ക്ക് മുന്നില്‍ ക്ഷീണിച്ചിരിക്കാതെ, ധീരമായി നേരിട്ട രജിതയെ മന്ത്രി അഭിനന്ദിച്ചു. മന്ത്രിയും അധ്യക്ഷൻ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ.യും രജിതയെ പൊന്നാടയണിയിച്ചു. പ്രിൻസിപ്പല്‍ സുജോ മേരി വര്‍ഗീസിന്റെ നേതൃത്വത്തില്‍ കോളേജ് അധ്യാപകരും സഹപാഠികളും പരിപാടിയില്‍ പങ്കെടുക്കാനെത്തി.
രജിതയുടെ പഠനം, താമസം, ഭക്ഷണം, ക്രിക്കറ്റ് പരിശീലനം തുടങ്ങി എല്ലാ ആവശ്യങ്ങള്‍ക്കും സഹായമൊരുക്കുന്നതിന് പ്രമുഖ വ്യവസായിയും നിര്‍ഭയം അംഗവുമായ എം.എ. സജീവാണ് സന്നദ്ധത അറിയിച്ചത്.
പെരുമ്ബാവൂര്‍ നഗരസഭ മുൻ ചെയര്‍മാനും സി.പി.എം. ഏരിയ കമ്മിറ്റി അംഗവുമായ അഡ്വ. എൻ.സി. മോഹനനാണ് ‘നിര്‍ഭയം’ ചെയര്‍മാൻ. കഴിഞ്ഞ ആറാം തീയതിയാണ് ‘അമ്ബലനടയില്‍ ഉണ്ടുറങ്ങിയ രജിത…’ യെക്കുറിച്ചുള്ള വാര്‍ത്ത മാതൃഭൂമി പ്രസിദ്ധപ്പെടുത്തിയത്. പെരുമ്ബാവൂര്‍ മാര്‍ത്തോമാ കോളേജില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഡിഗ്രിക്ക് പ്രവേശനം ലഭിച്ച കിളിമാനൂര്‍ സ്വദേശിയായ രജിത മാര്‍ച്ചിലാണ് പെരുമ്ബാവൂരിലെത്തിയത്. കബഡി, ക്രിക്കറ്റ് താരം കൂടിയായ രജിതയ്ക്ക് വീട്ടില്‍നിന്ന് പഠിക്കാൻ സാഹചര്യങ്ങളുണ്ടായിരുന്നില്ല.
ആണ്‍കുട്ടികളേപ്പോലെ മുടിവെട്ടി, പാന്റ്സും ഷര്‍ട്ടും ധരിച്ച് നടക്കുന്ന രജിത കോളേജില്‍ ക്ലാസ് തുടങ്ങുന്നതുവരേയുള്ള മൂന്ന് മാസത്തോളം പെരുമ്ബാവൂര്‍ ശാസ്താ ക്ഷേത്രത്തിന്റെ നടപ്പന്തലിലും വെയിറ്റിങ് ഷെഡ്ഡുകളിലുമായാണ് അന്തിയുറങ്ങിയത്.
രജിതയുടെ ജീവിതകഥയറിഞ്ഞ് നിരവധി പേരാണ് പിന്തുണയും അഭിനന്ദനങ്ങളും അറിയിച്ച് ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്.